ഗുവാഹതി/തിരുവനന്തപുരം - ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ സന്നാഹ മത്സരങ്ങള്‍ ന്യൂനമര്‍ദ്ദത്തില്‍ അലങ്കോലമാവുന്നു. ഗുവാഹത്തിയില്‍ ഇന്ത്യ-ഇംഗ്ലണ്ട് മത്സരം ഒരു പന്ത് പോലും എറിയാതെ ഉപേക്ഷിച്ചു. തിരുവനന്തപുരത്ത് ഓസ്ട്രേലിയ-നെതര്‍ലാന്റ്സ് മത്സരം 23 ഓവര്‍ വീതമാക്കി വെട്ടിച്ചുരുക്കി. ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയയെ നെതര്‍ലാന്റ്സിനെതിരെ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 166 റണ്‍സിലൊതുക്കി. ഓപണറായി ഇറങ്ങിയ സ്റ്റീവ് സ്മിത്ത് മൂന്നു സിക്സറോടെ അവസരം മുതലാക്കിയെങ്കിലും (42 പന്തില്‍ 55) ജോഷ് ഇന്ഗ്ലിസും (0) ഗ്ലെന്‍ മാക്സ്വെലും (5) നിരാശപ്പെടുത്തി. അലക്സ് കാരിക്കും (28) കാമറൂണ്‍ ഗ്രീനിനും (34) അവസരം മുതലാക്കാനായില്ല.
ഇന്ത്യന്‍ ടീം രണ്ടാം സന്നാഹ മത്സരത്തില്‍ നെതര്‍ലാന്റ്സിനെ നേരിടാനായി ഇന്ന് തിരുവനന്തപുരത്തെത്തും. ഇംഗ്ലണ്ടിന് ഗുവാഹത്തിയില്‍ തന്നെ ബംഗ്ലാദേശുമായാണ് രണ്ടാമത്തെ മത്സരം.






