സ്‌ക്വാഷിലും ടെന്നിസിലും സ്വര്‍ണം, ഇന്ത്യക്ക് അഞ്ച് മെഡലുകള്‍ കൂടി

ഹാങ്ചൗ - ഏഷ്യന്‍ ഗെയിംസില്‍ രണ്ട് സ്വര്‍ണമുള്‍പ്പെടെ അഞ്ച് മെഡലുകള്‍ കൂടി നേടി ഇന്ത്യ മെഡല്‍ പട്ടികയില്‍ നാലാം സ്ഥാനം നിലനിര്‍ത്തി. സ്‌ക്വാഷിലും ടെന്നിസിലും ടീം ഇനത്തിലാണ് ഇന്ത്യ ചാമ്പ്യന്മാരായത്. ഷൂട്ടിംഗില്‍ പത്തൊമ്പതാമത്തെ മെഡല്‍ നേടി, മിക്‌സഡ് ടീം ഇനത്തില്‍ വെള്ളി. അത്‌ലറ്റിക്‌സില്‍ രണ്ട് മെഡലാണ് ഇന്നലെ ലഭിച്ചത്. പുരുഷന്മാരുടെ 10,000 മീറ്ററില്‍ വെള്ളിയും വെങ്കലവും. 
ബാഡ്മിന്റണ്‍ പുരുഷ വിഭാഗത്തില്‍ ഇന്ത്യ ഫൈനലിലെത്തിയിട്ടുണ്ട്. ടേബിള്‍ ടെന്നിസില്‍ ചൈനയുടെ ലോക രണ്ടാം നമ്പര്‍  ചെന്‍ മെംഗ്-വാംഗ് യിദി ജോഡിയെ അട്ടിമറിച്ച് അയ്ഹിക മുഖര്‍ജി-സുതീര്‍ഥ മുഖര്‍ജി ജോഡി മെഡലുറപ്പാക്കി. ക്വാര്‍ട്ടര്‍ ഫൈനലില്‍ അവര്‍ 3-1 നാണ് ജയിച്ചത്. വനിതാ ഗോള്‍ഫില്‍ അതിഥി അശോകും സുവര്‍ണനേട്ടത്തിന്റെ വക്കിലാണ്. 
സ്‌ക്വാഷില്‍ അഭയ് സിംഗ്, സൗരവ് ഘോഷാല്‍, മഹേഷ് മംഗോക്കര്‍ എന്നിവരുള്‍പ്പെട്ട ടീമാണ് ഫൈനലില്‍ പാക്കിസ്ഥാനെ 2-1 ന് തോല്‍പിച്ച് ചാമ്പ്യന്മാരായത്. ഷൂട്ടിംഗില്‍ 10 മീ. എയര്‍പിസ്റ്റള്‍ മിക്‌സഡ് വിഭാഗത്തില്‍ സരബ്‌ജോത് സിംഗ്-ദിവ്യ തടിഗോല്‍ സഖ്യം സ്വര്‍ണ മെഡല്‍ പോരാട്ടത്തിന് യോഗ്യത നേടിയെങ്കിലും ചൈനയോട് തോറ്റു. ടെന്നിസിന്റെ മിക്‌സഡ് ഡബ്ള്‍സ് ഫൈനലില്‍ രോഹന്‍ ബൊപ്പണ്ണ-റുതുജ ഭോസാലെ സഖ്യം ആദ്യ സെറ്റ് നഷ്ടപ്പെട്ട ശേഷം ചൈനീസ് തായ്‌പെയിയുടെ എന്‍ഷുവൊ ലിയാംഗ്‌സുംഗ് ഹാവൊ ഹുവാംഗ് സഖ്യത്തെ ടൈബ്രേക്കറില്‍ തോ്ല്‍പിച്ചു. സ്‌കോര്‍: 2-6, 6-3, 10-4.
അത്‌ലറ്റിക്‌സില്‍ പുരുഷന്മാരുടെ 10,000 മീറ്ററില്‍ ഇന്ത്യന്‍ താരങ്ങള്‍ വെള്ളിയും വെങ്കലവും സ്വന്തമാക്കി. ബഹ്‌റൈന്റെ എത്യോപ്യന്‍ ഓട്ടക്കാരന്‍ ബ്രിഹനു യെമാതക്കു (28:13.62 മിനിറ്റ്) പിന്നില്‍ കാര്‍ത്തിക് കുമാര്‍ വെള്ളിയും (28:15.38) ഗുല്‍വീര്‍ സിംഗ് (28:17.21) വെങ്കലവും കരസ്ഥമാക്കി. ഇരുവരുടെയും കരിയര്‍ ബെസ്റ്റ് പ്രകടനമാണ് ഇത്. മുന്‍നിരയിലുണ്ടായിരുന്ന മൂന്ന് അത്‌ലറ്റുകള്‍ കൂട്ടിയിടിച്ച് വീണു. 

Latest News