പാക്കിസ്ഥാന്‍ തരിപ്പണം, 10 ഗോളടിച്ച് ഇന്ത്യ

ഹാങ്ചൗ - ഏഷ്യന്‍ ഗെയിംസിന്റെ പുരുഷ ഹോക്കിയില്‍ പാക്കിസ്ഥാനെതിരെ ഇന്ത്യക്ക് എക്കാലത്തെയും മികച്ച വിജയം. അയല്‍ക്കാരെ 10-2 ന് ഇന്ത്യ തരിപ്പണമാക്കി. ആദ്യ പകുതിയില്‍ ഇന്ത്യ 4-0 ന് മുന്നിലെത്തിയിരുന്നു. നാലു കൡകളിലായി 46 ഗോളാണ് ഇന്ത്യ സ്‌കോര്‍ ചെയ്തത്. ഉസ്‌ബെക്കിസ്ഥാനെ 16-0 നും സിംഗപ്പൂരിനെ 16-1 നും നിലവിലെ ചാമ്പ്യന്മാരായ ജപ്പാനെ 4-2 നും കീഴടക്കി. പാക്കിസ്ഥാനും ഇതുവരെ ഗോളടിച്ചുകൂട്ടുകയായിരുന്നു. സിംഗപ്പൂരിനെ 11-0 നും ബംഗ്ലാദേശിനെ 5-2 നും ഉസ്‌ബെക്കിസ്ഥാനെ 18-2 നും അവര്‍ തകര്‍ത്തിരുന്നു. 
പാക്കിസ്ഥാനെതിരെ എട്ടാം മിനിറ്റില്‍ മന്‍ദീപ് സിംഗാണ് സ്‌കോറിംഗ് തുടങ്ങിവെച്ചത്. മൂന്നു മിനിറ്റിനു ശേഷം ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് സിംഗ് പെനാല്‍ട്ടി സ്‌ട്രോക്കിലൂടെ ലക്ഷ്യം കണ്ടു. പതിനേഴാം മിനിറ്റില്‍ ഹര്‍മന്‍പ്രീത് പെനാല്‍ട്ടി കോര്‍ണറിലൂടെ സ്‌കോര്‍ 3-0 ആക്കി. മുപ്പതാം മിനിറ്റില്‍ ഗുര്‍ജന്ത് സമര്‍ഥമായ ടീം മുന്നേറ്റത്തിനൊടുവില്‍ ഫീല്‍ഡ് ഗോളടിച്ചു.
രണ്ടാം പകുതിയില്‍ ഇന്ത്യ ആക്രമണത്തിന് മൂര്‍ച്ച കൂട്ടി. 33ാം മിനിറ്റില്‍ പെനാല്‍ട്ടി സ്്‌ട്രോക്കിലൂടെയും അടുത്ത നിമിഷം പെനാല്‍ട്ടി കോര്‍ണറിലൂടെയും ഹര്‍മന്‍പ്രീത് സ്‌കോര്‍ ചെയ്തു. 
മുപ്പത്തെട്ടാം മിനിറ്റില്‍ സുഫിയാന്‍ മുഹമ്മദിലൂടെയാണ് പാക്കിസ്ഥാന്‍ ആദ്യ ഗോളടിച്ചത്. അതിന്റെ അലയടങ്ങും മുമ്പെ വരുണ്‍കുമാര്‍ ഇന്ത്യയുടെ ഏഴാം ഗോള്‍ കണ്ടെത്തി. പെനാല്‍ട്ടി കോര്‍ണറിലൂടെ അബ്ദുല്‍ റാണ രണ്ടാം ഗോള്‍ നേടി പാക്കിസ്ഥാന്റെ ആത്മവീര്യം നിലനിര്‍ത്തി. എന്നാല്‍ ശംഷേര്‍ സിംഗും ലളിത് ഉപാധ്യായയും വരുണ്‍കുമാറും അവരുടെ പ്രതിരോധം ഛിന്നഭിന്നമാക്കി. 

Latest News