ഹാങ്ചൗ -ഏഷ്യന്‍ ഗെയിംസിന്റെ പുരുഷ ലോംഗ്ജമ്പില്‍ ഇന്ത്യയുടെ മലയാളി താരം മുരളി ശ്രീശങ്കറും തമിഴ്നാട്ടുകാരന് ജെസ്വിന് ആള്‍ഡ്രിനും ഫൈനലിലേക്ക് മുന്നേറി. യോഗ്യതാ റൗണ്ടില്‍ മുരളി 7.97 മീറ്ററും ജെസ്വിന് 7.67 മീറ്ററും ചാടി. 1500 മീറ്ററില്‍ ജിന്സന് ജോണ്‍സണും അജയ്കുമാര്‍ സരോജും യോഗ്യതാ റൗണ്ട് പിന്നിട്ടു. വനിതകളുടെ 100 മീറ്റര്‍ ഹര്‍ഡില്‍സില്‍ ജ്യോതി യാരാജിയും നിത്യ രാംരാജും ഫൈനലിലെത്തി.
ഷൂട്ടിംഗില്‍ 10 മീറ്റര്‍ എയര്‍പിസ്റ്റള്‍ മിക്സഡ് ടീം ഇനത്തില്‍ സരബ്ജോത് സിംഗ്-ദിവ്യ തടിഗോല് സഖ്യം സ്വര്‍ണ മെഡല്‍ പോരാട്ടത്തിന് യോഗ്യത നേടി. ചൈനീസ് ജോഡിയുമായാണ് ഇരുവരും സ്വര്‍ണത്തിനായി പോരാടുക. പാക്കിസ്ഥാന്, ജപ്പാന്, തെക്കന്‍ കൊറിയ, ഇറാന് ജോഡികള്‍ വെങ്കലത്തിനായി മത്സരിക്കും.






