ഹാങ്ചൗ - ഏഷ്യന്‍ ഗെയിംസില്‍ ആദ്യമായി മത്സര ഇനമായ ഇ-സ്‌പോര്‍ട്‌സില്‍ ജനപ്രിയമായ ലീഗ് ഓഫ് ലെജന്റ്‌സില്‍ ആരാധകരുടെ ഓമനയായ ഫെയ്കര്‍ (ലീ സാംഗ് ഹ്യോക്) ഉള്‍പ്പെട്ട തെക്കന്‍ കൊറിയ സ്വര്‍ണം നേടി. ചൈനീസ് തായ്‌പെയിയെയാണ് അവര്‍ ഫൈനലില്‍ തോല്‍പിച്ചത്. ചാമ്പ്യന്മാരായതോടെ കളിക്കാരെ നിര്‍ബന്ധിത സൈനിക സേവനത്തില്‍ നിന്ന് തെക്കന്‍ കൊറിയ ഒഴിവാക്കി. ഇ-സ്‌പോര്‍ട്‌സ് യുവജനതക്ക് ഏറ്റവും ഹരം പകര്‍ന്ന മത്സരമായി മാറിയിരുന്നു. മത്സരത്തിന്റെ ടിക്കറ്റുകള്‍ക്ക് വന്‍ ഡിമാന്റായിരുന്നു. ചാമ്പ്യന്മാരെ സൈനിക സേവനത്തില്‍ നിന്ന് ഒഴിവാക്കുന്നത് കൊറിയയില്‍ വലിയ വിവാദത്തിന് കാരണമായിരുന്നു.
വനിതാ ടെന്നിസില്‍ ചൈനീസ് താരങ്ങള്‍ തമ്മിലുള്ള ഫൈനലില്‍ യു.എസ് ഓപണ്‍ ക്വാര്‍ട്ടര്‍ ഫൈനലിസ്റ്റ് ഷെംഗ് ക്വിന്‍വെന്‍ 6-2, 6-4 ന് ഷൂ ലിന്നിനെ തോല്‍പിച്ചു. അത്‌ലറ്റിക്‌സിലെ ആദ്യ രണ്ട് സ്വര്‍ണവും ചൈനക്കാണ്, 20 കി.മീ നടത്തത്തില്‍ പുരുഷ, വനിതാ വിഭാഗങ്ങളില്‍ ആതിഥേയ താരങ്ങള്‍ ചാമ്പ്യന്മാരായി.
ഏഷ്യാഡ് അവസാനിക്കാന്‍ ഒമ്പത് ദിവസം ശേഷിക്കെ ചൈനക്ക് 200 മെഡലായി. തെക്കന്‍ കൊറിയയെ മറികടന്ന് ജപ്പാന്‍ രണ്ടാം സ്ഥാനത്തേക്കുയര്‍ന്നു. നീന്തലില്‍ ചൈന 28 സ്വര്‍ണം നേടി. ഷാംഗ് യുഫെയ്ക്കു മാത്രം ആറ് സ്വര്‍ണം ലഭിച്ചു. ക്വിന്‍ ഹായാംഗിന് മൂന്നും. രണ്ട് ലോക റെക്കോര്‍ഡുകള്‍ തലനാരിഴക്കാണ് ചൈനീസ് താരങ്ങള്‍ക്ക് നഷ്ടപ്പെട്ടത്.
ഏഷ്യാഡ് മെഡല്‍ പട്ടിക
ടീം, സ്വര്‍ണം, വെള്ളി, വെങ്കലം, ആകെ
ചൈന 105 63 32 200
ജപ്പാന്‍ 27 35 37 99
തെ. കൊറിയ 26 28 48 102
ഇന്ത്യ 8 12 13 33
തായ്‌ലന്റ് 8 3 9 20
ഉസ്‌ബെക്കിസ്ഥാന്‍ 7 10 15 32
ഹോങ്കോംഗ് 5 13 18 36






