ഗുവാഹതി - ലോകകപ്പിന്റെ അവസാന ഒരുക്കങ്ങളുടെ ഭാഗമായി ഇന്ത്യ ഇന്ന് ഇംഗ്ലണ്ടുമായി ഏറ്റുമുട്ടും. ആദ്യ സന്നാഹ മത്സരം ഇന്ന് ഗുവാഹത്തിയിലാണ്. 38 മണിക്കൂര്‍ ദുരിതയാത്ര കഴിഞ്ഞ് ഗുവാഹത്തിയിലെത്തിയ ഇംഗ്ലണ്ട് ടീം കടുത്ത ക്ഷീണത്തിലാണ്. ഓസ്‌ട്രേലിയക്കെതിരായ പരമ്പരക്കു ശേഷം ചാര്‍ടര്‍ വിമാനത്തില്‍ വ്യാഴാഴ്ച രാത്രി ഗുവാഹത്തിയിലെത്തിയ ഇന്ത്യന്‍ ടീം ഇന്നലെ ഉച്ചക്കു ശേഷം പരിശീലനം നടത്തി. എന്നാല്‍ നിലവിലെ ലോക ചാമ്പ്യന്മാരായ ഇംഗ്ലണ്ടിന് ഗുവാഹത്തിയിലെത്താന്‍ 38 മണിക്കൂര്‍ യാത്ര ചെയ്യേണ്ടി വന്നു. ദുബായിലും മുംബൈയിലും ടീമിന് ദീര്‍ഘനേരം ട്രാന്‍സിറ്റിനായി കാത്തുനില്‍ക്കേണ്ടി വന്നു. ലോകകപ്പിനിടയിലും ഇംഗ്ലണ്ടിന് നന്നായി യാത്ര ചെയ്യേണ്ടി വരും. 10 വേദികളില്‍ എട്ടിലും അവര്‍ കളിക്കും. ഇംഗ്ലണ്ടിന്റെ രണ്ട് സന്നാഹ മത്സരങ്ങളും ഗുവാഹത്തിലാണ്. അതേസമയം ഇന്ത്യന്‍ ടീമിന് രണ്ടാമത്തെ മത്സരത്തില്‍ നെതര്‍ലാന്റ്‌സിനെ നേരിടാന്‍ തിരുവനന്തപുരത്തേക്ക് യാത്ര ചെയ്യണം.






