ഹാങ്ചൗ - ഏഷ്യാഡിന്റെ ട്രാക്ക് ആന്റ് ഫീല്‍ഡില്‍ ഇന്ത്യയുടെ ആദ്യ മെഡലിനുടമ കിരണ്‍ ബലിയാനാണ്, വനിതാ ഷോട്പുട്ടില്‍. നിലവിലെ ഒളിംപിക് ചാമ്പ്യനും രണ്ടു തവണ ലോക ചാമ്പ്യനുമായ ചൈനയുടെ ഗോംഗ് ലിജിയാവോക്കും (19.58 മീ.) സോംഗ് ജിയായുവാനും (18.92 മീ.) പിന്നില്‍ കിരണ്‍ (17.36 മീ.) വെങ്കലം നേടി. മന്‍പ്രീത് കൗര്‍ (16.25 മീ.) അഞ്ചാം സ്ഥാനത്തെത്തി.
പുരുഷന്മാരുടെ 400 മീറ്ററില്‍ മുഹമ്മദ് അജ്മല്‍ ഫൈനലിലേക്ക് മുന്നേറി. രണ്ടാം ഹീറ്റില്‍ അജ്മല്‍ രണ്ടാം സ്ഥാനത്തെത്തി (45.76 സെ.). എന്നാല്‍ മുഹമ്മദ് അനസ് നിരാശപ്പെടുത്തി. ഹീറ്റ് ഒന്നില്‍ മൂന്നാം സ്ഥാനത്തെത്താനേ അനസിന് സാധിച്ചുള്ളൂ (46.29 സെ.). വനിതകളുടെ 400 മീറ്ററില്‍ ഐശ്വര്യ മിശ്ര സെമിഫൈനലിലെത്തി.
സ്ക്വാഷില്‍ പുരുഷ ടീം മലേഷ്യയെ തോല്പിച്ച് ഫൈനലിലെത്തി. ചെസ്സില്‍ വ്യക്തിഗത ഇനത്തില്‍ മങ്ങിപ്പോയ ഇന്ത്യ പുരുഷ, വനിതാ ടീം ഇനങ്ങളില്‍ ആദ്യ റൗണ്ട് ജയിച്ചു. വനിതാ ടീം ഫിലിപ്പൈന്‍സിനെയും പുരുഷ ടീം മംഗോളിയയെയും തോല്പിച്ചു.
സിന്ധു തോറ്റു, ഇന്ത്യ പുറത്ത്
വനിതാ ഹോക്കിയില്‍ പൂള് എ-യില്‍ ഇന്ത്യ 6-0 ന് മലേഷ്യയെ തോല്പിച്ചു. സിംഗപ്പൂരിനെ 13-0 ന് ആദ്യ മത്സരത്തില്‍ തകര്‍ത്തിരുന്നു.
ടേബിള്‍ ടെന്നിസില്‍ പുരുഷ സിംഗിള്‍സില്‍ ഖേല്‍രത്ന ജേതാവ് അജന്ത ശരത്കമലും സത്യന് ഗുണശേഖരനും പ്രി ക്വാര്‍ട്ടറില്‍ പുറത്തായി. വനിതാ ഡബ്ള്‍സില്‍ സുതീര്‍ഥ-ഐഹിക ജോഡി ക്വാര്‍ട്ടര്‍ ഫൈനലിലെത്തിയപ്പോള്‍ ശ്രീജ അകുലയും ദിവ്യ ചിതാലെയും പ്രി ക്വാര്‍ട്ടറില്‍ വീണു. ബാഡ്മിന്റണില്‍ നേപ്പാളിനെ 3-0 ന് തോല്പിച്ച് പുരുഷ ടീം സെമി ഫൈനലിലെത്തി. എന്നാല്‍ പി.വി സിന്ധു തോറ്റതോടെ വനിതാ ടീം ക്വാര്‍ട്ടര്‍ ഫൈനലില്‍ തായ്ലന്റിന് മുന്നില്‍ 0-3 ന് മുട്ടുമടക്കി. നീന്തലില്‍ സജന് പ്രകാശ് 200 മീ. ബട്ടര്‍ഫ്ളൈയിലും അദൈ്വത് പാജി ബാക്ക്സ്ട്രോക്കിലും ഫൈനലിലെത്തിയതാണ് വലിയ നേട്ടം. ഇരുവരും ഫൈനലില്‍ തോറ്റു. സജന് അഞ്ചാം സ്ഥാനത്തും അദൈ്വത് ഏഴാം സ്ഥാനത്തുമാണ് ഫിനിഷ് ചെയ്തത്.






