ടെന്നിസില്‍ വെള്ളി, സ്‌ക്വാഷില്‍ വെങ്കലം, അത്‌ലറ്റിക്‌സില്‍ ആദ്യ മെഡല്‍

ഹാങ്ചൗ - ഏഷ്യാഡിന്റെ ഏഴാം ദിനം ഇന്ത്യക്ക് എട്ട് മെഡല്‍. ഷൂട്ടിംഗില്‍ രണ്ട് സ്വര്‍ണവും മൂന്നു വെള്ളിയും കരസ്ഥമാക്കി ചരിത്രത്തിലെ ഏറ്റവും വലിയ മെഡല്‍ക്കൊയ്ത്ത് നടത്തിയ ഇന്ത്യ ടെന്നിസിലും സ്‌ക്വാഷിലും അത്‌ലറ്റിക്‌സിലും മെഡല്‍ നേടി. ടെന്നിസിന്റെ പുരുഷ ഡബ്ള്‍സില്‍ രാംകുമാര്‍ രാമനാഥന്‍-സാകേത് മയ്‌നേനി ടീം ഫൈനലില്‍ തോറ്റ് വെള്ളിയുമായി മടങ്ങി. സ്‌ക്വാഷില്‍ ഇന്ത്യക്ക് വനിതാ ടീം ഇനത്തില്‍ വെങ്കലം ലഭിച്ചു. ജോഷ്‌ന ചിന്നപ്പയും ആനാഹത് സിംഗുമുള്‍പ്പെട്ട ടീം സെമിയില്‍ ഹോങ്കോംഗിനോട് തോറ്റു. 
ടെന്നിസിന്റെ മിക്‌സഡ് ഡബ്ള്‍സില്‍ രോഹന്‍ ബൊപ്പണ്ണ-റുതുജ ഭോസാലെ സഖ്യം ഫൈനലിലെത്തി. ചൈനീസ് തായ്‌പെയിയുടെ സു യു സിയു-ചാന്‍ ഹാവൊ ചിംഗ് സഖ്യത്തെ അവര്‍ 6-1, 3-6, 10-4 ന് തോല്‍പിച്ചു. ഫൈനലില്‍ ചൈനീസ് തായ്‌പെയിയുടെ തന്നെ ലിയാംഗ് ഷുവൊ-ഹുവാംഗ് സുംഗ് ഹാവൊ സഖ്യത്തെയാണ് നേരിടുക.
ബോക്‌സിംഗില്‍ ലോക ചാമ്പ്യന്‍ നിഖാത് സെറീന്‍ മെഡലുറപ്പിച്ചു. 45 കിലൊ വിഭാഗം ക്വാര്‍ട്ടറില്‍ ജോര്‍ദാന്റെ ഹനാന്‍ നാസറിനെ ഹൈദരാബാദുകാരി തോല്‍പിച്ചു. ഈ ജയത്തോടെ പാരിസ് ഒളിംപിക്‌സ് ബെര്‍ത്തും നിഖാത് സ്വന്തമാക്കി. പുരുഷന്മാരുടെ 71 കിലൊ വിഭാഗത്തില്‍ ലക്ഷ്യ ചാഹര്‍ പ്രി ക്വാര്‍ട്ടറില്‍ പുറത്തായി. 

Latest News