ങ്ചൗ - ഏഷ്യന്‍ ഗെയിംസിന്റെ ഷൂട്ടിംഗില്‍ എക്കാലത്തെയും മികച്ച പ്രകടനവുമായി ഇന്ത്യന്‍ ടീം. 18 മെഡലുകളാണ് ഇതുവരെ ടീം നേടിയത്. ആറ് സ്വര്‍ണവും ഏഴ് വെള്ളിയും അഞ്ച് വെങ്കലവും. രണ്ടു ദിവസം കൂടി മത്സരം ബാക്കിയുണ്ട്. 2006 ലെ ദോഹ ഏഷ്യന്‍ ഗെയിംസില്‍ 14 മെഡല്‍ നേടിയതാണ് ഇതുവരെ റെക്കോര്‍ഡ്.
വെള്ളിയാഴ്ച ഐശ്വര്യപ്രതാപ് തോമര്‍ രണ്ട് മെഡല്‍ കരസ്ഥമാക്കി. 50 മീ. 3 പൊസിഷനില്‍ വ്യക്തിഗത വിഭാഗത്തില്‍ വെള്ളി നേടിയ തോമര്‍ ടീം ഇനത്തില്‍ സ്വപ്നീല്‍ കുശാലെ, അഖില്‍ ഷ്യോറാന് എന്നിവര്‍ക്കൊപ്പം ലോക റെക്കോര്‍ഡോടെ സ്വര്‍ണം സ്വന്തമാക്കി. ഇതോടെ ഇരുപത്തിരണ്ടുകാരന് അരങ്ങേറ്റ ഏഷ്യാഡില്‍ നാല് മെഡലായി. തുടക്കം മോശമാവുകയും ഏഴാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയും ചെയ്ത തോമര്‍ സാവധാനമാണ് തിരിച്ചുകയറിയത്. കഴിഞ്ഞ വര്‍ഷം പെറുവില്‍ അമേരിക്കന്‍ ടീം സ്ഥാപിച്ച റെക്കോര്‍ഡ് എട്ടിന്റെ വ്യത്യാസത്തിലാണ് ഇന്ത്യ മെച്ചപ്പെടുത്തിയത്. ചൈന വെള്ളിയും തെക്കന്‍ കൊറിയ വെങ്കലവും നേടി.
സ്വപ്നീലും ഐശ്വര്യപ്രതാപുമാണ് ഏഷ്യന്‍ ഗെയിംസ് റെക്കോര്‍ഡോടെ യോഗ്യതാ റൗണ്ടില്‍ ആദ്യ സ്ഥാനങ്ങളിലെത്തിയത്. പക്ഷെ സ്വപ്നീല്‍ ഫൈനലില്‍ നാലാം സ്ഥാനത്തേക്കു പോയി. ഇരുവരെയും മറികടന്ന് ചൈനയുടെ ദു ലിന്ഷു സ്വര്‍ണം പിടിച്ചു. യോഗ്യതാ റൗണ്ടില്‍ അഞ്ചാം സ്ഥാനത്തായിരുന്നുവെങ്കിലും അഖിലിന് ഫൈനലില്‍ സ്ഥാനം ലഭിച്ചില്ല. ഒരു രാജ്യത്തു നിന്ന് രണ്ടു പേര്‍ക്ക് ഫൈനലില്‍ പ്രവേശനമുള്ളൂ.
ഷൂട്ടിംഗ് ടീമിലെ ബേബി പതിനേഴുകാരി പലക് 10 മീ. എയര്‍പിസ്റ്റളില്‍ ഗെയിംസ് റെക്കോര്‍ഡോടെ സ്വര്‍ണം നേടി. പത്തൊമ്പതുകാരി ഈശ സിംഗാണ് രണ്ടാം സ്ഥാനത്ത്. പാലക്കും ഈശയുമുള്പ്പെട്ട ഇന്ത്യന്‍ ടീമും വെള്ളി നേടി.
വനിതകളുടെ 10 മീ. എയര്‍പിസ്റ്റളില്‍ ഈശ സിംഗ്, പലക്, ദിവ്യ സുബ്ബരാജു എന്നിവരുള്‍പ്പെട്ട ടീം ചൈനക്കു പിന്നിലാണ് വെള്ളി കരസ്ഥമാക്കിയത്. ഈശ അഞ്ചാമതും പലക് ഏഴാമതുമായാണ് വ്യക്തിഗത വിഭാഗത്തില്‍ ഫൈനലിലെത്തിയത്. ഫൈനലില്‍ പലക് ഉന്നം തെറ്റാതെ മുന്നേറി ഒന്നാം സ്ഥാനം പിടിച്ചു.






