ഉന്നം തെറ്റാതെ ഇന്ത്യ, ഷൂട്ടിംഗില്‍ അഞ്ചാം സ്വര്‍ണം

ഹാങ്ചൗ - ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യന്‍ ഷൂട്ടര്‍മാര്‍ മെഡല്‍വേട്ട തുടരുന്നു. ആറാം ദിനം ഒരു സ്വര്‍ണവും ഒരു വെള്ളിയും ഇന്ത്യ കരസ്ഥമാക്കി. 50 മീറ്റര്‍ റൈഫിള്‍ 3 പൊസിഷനില്‍ ഐശ്വര്യപ്രതാപ് സിംഗ് തോമറും സ്വപ്‌നീല്‍ കുശാലെയും അഖില്‍ ഷ്യോറാനുമുള്‍പ്പെടുന്ന പുരുഷ ടീം ലോക റെക്കോര്‍ഡോടെ സ്വര്‍ണം നേടി. വനിതകളുടെ 10 മീ. എയര്‍പിസ്റ്റളില്‍ ഈശ സിംഗ്, പലക്, ദിവ്യ സുബ്ബരാജു എന്നിവരുള്‍പ്പെട്ട ടീം ചൈനക്കു പിന്നില്‍ വെള്ളി കരസ്ഥമാക്കി. ഈശയും പലകും വ്യക്തിഗത ഫൈനലിലേക്ക് മുന്നേറി. ഈശ അഞ്ചാമതും പലക് ഏഴാമതുമാണ്. പത്താം സ്ഥാനത്തായ ദിവ്യക്ക്് ഫൈനലില്‍ സ്ഥാനം ലഭിച്ചില്ല. 
ഷൂട്ടിംഗില്‍ ഇന്ത്യയുടെ അഞ്ചാമത്തെ സ്വര്‍ണമാണ് ഇത്. ആകെ ഏഴാമത്തേതും. കഴിഞ്ഞ വര്‍ഷം പെറുവില്‍ അമേരിക്കന്‍ ടീം സ്ഥാപിച്ച റെക്കോര്‍ഡ് എട്ടിന്റെ വ്യത്യാസത്തിലാണ് ഇന്ത്യ മെച്ചപ്പെടുത്തിയത്. ചൈന വെള്ളിയും തെക്കന്‍ കൊറിയ വെങ്കലവും നേടി. 
സ്വപ്‌നീലും ഐശ്വര്യപ്രതാപുമാണ് യോഗ്യതാ റൗണ്ടില്‍ ആദ്യ സ്ഥാനങ്ങളില്‍. ഇരുവരും ഏഷ്യന്‍ ഗെയിംസ് റെക്കോര്‍ഡോടെ വ്യക്തിഗത ഫൈനലില്‍ സ്ഥാനം പിടിച്ചു. അഞ്ചാം സ്ഥാനത്താണെങ്കിലും അഖിലിന് ഫൈനലില്‍ സ്ഥാനം ലഭിച്ചില്ല. ഒരു രാജ്യത്തു നിന്ന് രണ്ടു പേര്‍ക്ക് ഫൈനലില്‍ പ്രവേശനമുള്ളൂ.
 

Latest News