ഹാങ്ചൗ - ഏഷ്യന്‍ ഗെയിംസിന്റെ ട്രാക്ക് ആന്റ് ഫീല്‍ഡിനും താമരക്കുമ്പിള്‍ സ്റ്റേഡിയത്തില്‍ ജീവന്‍ വെക്കുമ്പോള്‍ ഒളിംപിക്, ലോക ചാമ്പ്യന്മാരുടെ സാന്നിധ്യം മത്സരങ്ങള്‍ക്ക് താളത്തിളക്കം പകരും. ജാവലിന്‍ ത്രോയില്‍ ഇന്ത്യയുടെ നീരജ് ചോപ്ര ലോക, ഒളിംപിക് ചാമ്പ്യനാണ്. ഹൈജമ്പ് ഒളിംപിക് ചാമ്പ്യനും മൂന്നു തവണ ലോക ചാമ്പ്യനുമായ മുതാസ് ബാര്‍ഷിം ഖത്തര്‍ ടീമിന്റെ പോരാട്ടം നയിക്കും. 2010 ലും 2014 ലും ഏഷ്യാഡ് ചാമ്പ്യനായിരുന്നു ബാര്‍ഷിം. നിലവിലെ ഏഷ്യന്‍ റെക്കോര്‍ഡിനുടമയായ ബാര്‍ഷിമിന്റെ പേരിലാണ് ചരിത്രത്തിലെ രണ്ടാമത്തെ ഉയര്‍ന്ന ചാട്ടം.
നീരജ് നിലവിലെ ഏഷ്യന്‍ ഗെയിംസ് ചാമ്പ്യനാണ്. ദോഹ, ലൊസേന്‍ ഡയമണ്ട് ലീഗുകളിലും ജയിച്ച നീരജ് യൂജിന്‍ ഡയമണ്ട് ലീഗ് ഫൈനലില്‍ ചെക് റിപ്പബ്ലിക്കിന്റെ യാഖുബ് വെയ്ദിലേഷിനോട് അപൂര്‍ തോല്‍വി വാങ്ങിയാണ് ഹാങ്ചൗവിലേക്ക് വന്നത്. പാക്കിസ്ഥാന്റെ അര്‍ഷദ് നഈമില്‍ നിന്നായിരിക്കും നീരജിന് പ്രധാന വെല്ലുവിളി. ഇന്ത്യയുടെ കിഷോര്‍കുമാര്‍ ജേനയും വിജയപീഠത്തിലേറാന്‍ പോരാടും.
അത്‌ലറ്റിക്‌സില്‍ 48 ഇനങ്ങളാണുള്ളത്. ചൈനീസ് നിരയില്‍ ഒളിംപിക് വനിതാ ഷോട്പുട്ട് ചാമ്പ്യന്‍ ഗോംഗ് ലിജിയാവൊ, വനിതാ ഒളിംപിക് ജാവലിന്‍ ചാമ്പ്യന്‍ ലിയു ഷിയിംഗ് എന്നിവരുണ്ട്. പുരുഷ പോള്‍വോള്‍ടില്‍ ഫിലിപ്പൈന്‍സിന്റെ ഇ.ജെ ഒബിയേന ഏഷ്യന്‍ റെക്കോര്‍ഡിനുടമയാണ്. ചൈനയുടെ മുന്‍ ലോക ചാമ്പ്യന്‍ വാംഗ് ജിയാനനായിരിക്കും പുരുഷ ലോംഗ്ജമ്പില്‍ സുവര്‍ണ സാധ്യത.






