ആ ആരോപണം അപമാനം, രാജി വെക്കുമെന്ന ഇന്ത്യന്‍ കോച്ച്

ഹാങ്ചൗ - ജ്യോതിഷിയുമായി ആലോചിച്ചാണ് താന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിനെ തെരഞ്ഞെടുക്കുന്നതെന്ന ആരോപണം അപമാനമാണെന്നും പരിശീലക സ്ഥാനം രാജി വെക്കുന്ന കാര്യം രണ്ടു ദിവസത്തിനകം തീരുമാനിക്കുമെന്നും കോച്ച് ഇഗോര്‍ സ്റ്റിമാച്. ഏഷ്യന്‍ ഗെയിംസില്‍ സൗദി അറേബ്യയോട് തോറ്റ് ഇന്ത്യന്‍ ടീം പ്രി ക്വാര്‍ട്ടറില്‍ പുറത്തായ ശേഷമാണ് മുന്‍ ക്രൊയേഷന്‍ ഡിഫന്ററുടെ പ്രതികരണം. അമ്പത്താറുകാരന്‍ പതിവായി ജ്യോതിഷികള്‍ക്ക് ടീം രഹസ്യം പറഞ്ഞുകൊടുക്കുകയും ഉപദേശം തേടുകയും ചെയ്തതായി ഇന്ത്യന്‍ എക്‌സ്പ്രസ് പത്രമാണ് വിശദമായ വാര്‍ത്ത നല്‍കിയത്. മറ്റു മാധ്യമങ്ങള്‍ അതേറ്റുപിടിച്ചു. 
തന്റെ അറിവും പരിചയവും അനുഭവവും അധ്വാനവുമുപയോഗിച്ചാണ് ടീമിനെ തെരഞ്ഞെടുക്കുന്നതെന്ന് സ്റ്റിമാച് വാദിച്ചു. ചിലര്‍ എന്റെ അധ്വാനത്തെ അപമാനിക്കാന്‍ ശ്രമിക്കുകയാണ് -അമ്പത്താറുകാരന്‍ പറഞ്ഞു. 
ഏഷ്യന്‍ ഗെയിംസിനായി ക്ലബ്ബുകള്‍ കളിക്കാരെ വിട്ടുകൊടുക്കാത്തതിനാല്‍ ഏഴു തവണ ടീമില്‍ മാറ്റം വരുത്തേണ്ടി വന്നുവെന്ന് സ്റ്റിമാച് വെളിപ്പെടുത്തിയിരുന്നു. അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന് അറിയാം എന്റെ ആവശ്യമെന്താണെന്ന്. അത് പണമല്ല. ദേശീയ ടീമിന് വേണ്ടി സമയം ചെലവിടാനും ഒരുമിച്ച് പ്രവര്‍ത്തിക്കാനും തയാറുണ്ടോയെന്നതാണ് അത്. മുന്നോട്ടാണ് പോവേണ്ടതെങ്കില്‍ എനിക്ക് കളിക്കാരെ കിട്ടണം -2019 മുതല്‍ ഇന്ത്യന്‍ പരിശീലകനായ സ്റ്റിമാച് പറഞ്ഞു. 
നാലര വര്‍ഷമായി ഞാന്‍ കഷ്ടപ്പെടുന്നു. എന്താണ് ചെയ്യേണ്ടതെന്നതിനെക്കുറിച്ച് ആളുകളെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുന്നു. എല്ലാം എന്റെ ചുമലിലേറ്റി ഇങ്ങനെ നടക്കാനാവില്ല. ഒരു ടീമായി പ്രവര്‍ത്തിക്കുമ്പോഴേ ഫലമുണ്ടാവൂ, ഒരേ ദിശയില്‍ സഞ്ചരിക്കുമ്പോഴേ കാര്യമുലഌ -കോച്ച് പറഞ്ഞു. 
ജനുവരിയില്‍ ഖത്തറില്‍ ഏഷ്യാ കപ്പ് നടക്കാനിരിക്കെയാണ് കോച്ചിന്റെ മുന്നറിയിപ്പ്. ഓസ്‌ട്രേലിയയും ഉസ്‌ബെക്കിസ്ഥാനും സിറിയയുമുള്‍പ്പെട്ട ഗ്രൂപ്പിലാണ് ഇന്ത്യ. 

Latest News