പകരക്കാരനായി വന്ന് ലാബുഷൈന്‍ ലോകകപ്പിന്

മുംബൈ - ലോകകപ്പിനായി പ്രഖ്യാപിച്ച പ്രാഥമിക പതിനഞ്ചംഗ ടീമില്‍ ഓസ്‌ട്രേലിയ ഒരു മാറ്റം വരുത്തി. സ്പിന്നര്‍ ആഷ്റ്റന്‍ ആഗറിനു പകരം ബാറ്റര്‍ മാര്‍നസ് ലാബുഷൈനെ ഉള്‍പെടുത്തി. ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പരയില്‍ പരിക്കേറ്റ് വിട്ടുനില്‍ക്കുന്ന ട്രാവിസ് ഹെഡിനെ നിലനിര്‍ത്തി. ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പരയില്‍ സബ്‌സ്റ്റിറ്റിയൂട്ടായി ഇറങ്ങുകയും ടീമിന്റെ രക്ഷകനാവുകയും ചെയ്താണ് ലാബുഷൈന്‍ അപ്രതീക്ഷിതമായി ലോകകപ്പിനെത്തുന്നത്. ഹെഡിന് പരിക്കേറ്റതും ആദ്യ മത്സരങ്ങളില്‍ കളിക്കാനാവാത്തതും ലാബുഷൈന് തുണയായി. ആഗറിന് പരിക്കേറ്റതും മാറ്റത്തിന് കാരണമായി. 
ഹെഡിനെ അവഗണിക്കാനാവില്ലെന്നതിനാലാണ് പരിക്കേറ്റിട്ടും ടീമിലുള്‍പെടുത്തിയത്. ഹെഡ് കായികക്ഷമത വീണ്ടെടുക്കുന്നതു വരെ മിച്ചല്‍ മാര്‍ഷായിരിക്കും ഡേവിഡ് വാണര്‍ക്കൊപ്പം ഓപണ്‍ ചെയ്യുക. ഇന്ത്യക്കെതിരായ മൂന്നാം ഏകദിനത്തില്‍ ഗ്ലെന്‍ മാക്‌സ്‌വെല്‍ നാലു വിക്കറ്റെടുത്തതോടെ മറ്റൊരു സ്പിന്നര്‍ കൂടി ടീമില്‍ വേണ്ടെന്ന നിഗമനത്തിലെത്തി സെലക്ടര്‍മാര്‍. സ്‌പെഷ്യലിസ്റ്റ് സ്പിന്നറായി ആഡം സാംപ മാത്രമേ ടീമിലുള്ളൂ. 

Latest News