ഏഷ്യാഡ്: ഇന്ത്യന്‍ പ്രതീക്ഷ ഇത്തിരി കൂടിയോ?

ഹാങ്ചൗ - ഏറ്റവും മികച്ച ഏഷ്യാഡായിരിക്കും ഇതെന്ന ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ പ്രസിഡന്റ് പി.ടി. ഉഷയുടെയും മെഡല്‍ നേട്ടം 100 കടക്കുമെന്ന സ്‌പോര്‍ട്‌സ് മന്ത്രിയുടെയും പ്രവചനം ഇത്തിരി കടന്നുപോയോ? ഏഷ്യന്‍ ഗെയിംസിന്റെ അഞ്ചാം ദിനം കടക്കുമ്പോള്‍ ഇന്ത്യന്‍ ടീം മുടന്തുകയാണ്. മൂന്നു മെഡല്‍ മാത്രമേ നേടിയുള്ളൂ എങ്കിലും മെഡല്‍ പട്ടികയില്‍ ഇന്ത്യ രണ്ട് സ്ഥാനം മുന്നോട്ടുകയറി. ഒരു സ്വര്‍ണവും ഒരു വെള്ളിയും ഒരു വെങ്കലവുമാണ് ഇന്ത്യ നേടിയത്. തായ്‌ലന്റിനെയും ഹോങ്കോംഗിനെയും മറികടന്ന് അഞ്ചാം സ്ഥാനത്തേക്കുയര്‍ന്നു. 
ഷൂട്ടിംഗിന്റെ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ ടീം ഇനത്തിലാണ് സ്വര്‍ണം നേടിയത്. വുഷുവില്‍ നവോറെം റോഷിബിന ദേവിക്ക് വെള്ളിയും അശ്വാഭ്യാസത്തിന്റെ ഇന്‍ഡിവിജ്വല്‍ ഡ്രസ്സേജില്‍ അനുഷ് അഗര്‍വാളിന് വെങ്കലവും ലഭിച്ചു. ഇന്‍ഡിവിജ്വല്‍ ഡ്രസ്സേജില്‍ ആദ്യമായാണ് ഏഷ്യാഡില്‍ ഇന്ത്യ മെഡല്‍ നേടുന്നത്. മലേഷ്യക്കും ഹോങ്കോംഗിനുമാണ് സ്വര്‍ണവും വെള്ളിയും. 
ടെന്നിസില്‍ മെഡല്‍ പ്രതീക്ഷയുമായാണ് അഞ്ചാം ദിനം അവസാനിച്ചത്. സാകേത് മയ്‌നേനിയും രാംകുമാര്‍ രാമനാഥനും പുരുഷ ഡബ്ള്‍സില്‍ ഫൈനലിലെത്തി. കൊറിയന്‍ ജോഡിയെ അവര്‍ സെമിയില്‍ തോല്‍പിച്ചു. മിക്‌സഡ് ഡബ്ള്‍സില്‍ രോഹന്‍ ബൊപ്പണ്ണയും റുതുജ ബോസാലെയും ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് മുന്നേറി. കസാഖിസ്ഥാന്‍ ജോഡിയെ അവര്‍ 7-5, 6-3 ന് തോല്‍പിച്ചു. 
ഷൂട്ടിംഗില്‍ പതിമൂന്നാമത്തെ മെഡലാണ് ഇന്ത്യ നേടിയത്്. 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ സരബ്‌ജോത് സിംഗ്, അര്‍ജുന്‍ സിംഗ് ചീമ, ശിവ നര്‍വാള്‍ എന്നിവരടങ്ങിയ ടീം സ്വര്‍ണം നേടി. ചൈനയെയും വിയറ്റ്‌നാമിനെയുമാണ് ഇന്ത്യന്‍ സംഘം മറികടന്നത്. അഞ്ചാം സ്ഥാനത്തോടെ സരബ്‌ജോതും എട്ടാം സ്ഥാനത്തോടെ അര്‍ജുനും വ്യക്തിഗത ഫൈനലിലേക്ക് മുന്നേറി. 
ഇന്ത്യയുടെ ആറ് സ്വര്‍ണ മെഡലുകളില്‍ നാലും ഷൂട്ടിംഗിലാണ്. വനിതാ ക്രിക്കറ്റ് ടീമും അശ്വാഭ്യാസത്തില്‍ ഡ്രസ്സേജ് ടീമുമാണ് മറ്റു സ്വര്‍ണങ്ങള്‍ നേടിയത്. ഏക വ്യക്തിഗത ചാമ്പ്യന്‍ സിഫ്ത് കൗര്‍ സിംറയാണ്. 
ചൈനയുടെ മെഡല്‍നേട്ടം ഇരുനൂറിനോടടുക്കുകയാണ്. 10 ദിവസത്തെ മത്സരങ്ങള്‍ ശേഷിക്കെ റെക്കോര്‍ഡ് മെഡല്‍ക്കൊയ്ത്താണ് ചൈന പ്രതീക്ഷിക്കുന്നത്. രണ്ടാം സ്ഥാനത്തുള്ള തെക്കന്‍ കൊറിയയുടെ ഇരട്ടിയോളം മെഡലുണ്ട് അവര്‍ക്ക്, നാലിരട്ടിയോളം സ്വര്‍ണവും. ഇഞ്ചോടിഞ്ച് പോരാട്ടം കണ്ട നാലു ദിനങ്ങള്‍ക്കു ശേഷം തെക്കന്‍ കൊറിയ രണ്ടാം സ്ഥാനത്ത് നില ഭദ്രമാക്കി. 
ഇ-സ്‌പോര്‍ട്‌സിലെ ജനപ്രിയ ഗെയിമായ ലീഗ് ഓഫ് ലെജന്റ്‌സില്‍ ലീ സാംഗ് ഹ്യോക് നയിച്ച തെക്കന്‍ കൊറിയയോട് തോറ്റ ചൈനക്ക് വെങ്കല മെഡലിനായി മത്സരിക്കേണ്ടി വരും. ചൈനീസ് തായ്‌പെയുമായി കൊറിയ ഫൈനല്‍ കളിക്കും.
 

Latest News