ഷാംഗ് -ഏഷ്യാഡിന്റെ സ്വര്‍ണമത്സ്യം

ഹാങ്ചൗ - ഏഷ്യന്‍ ഗെയിംസിന്റെ സ്വര്‍ണ മത്സ്യമായി ചൈനയുടെ ഷാംഗ് യുഫെയ്. ഇരുപത്തഞ്ചുകാരി നീന്തല്‍ക്കുളത്തില്‍ മൂന്ന് സ്വര്‍ണം നേടി. 200 മീറ്റര്‍ ബട്ടര്‍ഫ്‌ളൈക്കു പിന്നാലെ 100 മീറ്റര്‍ ബട്ടര്‍ഫ്‌ളൈയിലും 4-400 മിക്‌സഡ് മെഡ്‌ലെയിലും ഷാംഗ് സ്വര്‍ണക്കുതിപ്പ് നടത്തി. റിലേയില്‍ തലനാരിഴക്കാണ് ചൈനക്ക് ലോക റെക്കോര്‍ഡ് നഷ്ടപ്പെട്ടത്. 100 മീറ്ററില്‍ ഈ വര്‍ഷത്തെ വേഗമേറിയ കുതിപ്പാണ് ഒളിംപിക് ചാമ്പ്യന്‍ നടത്തിയത്. നീന്തലിലെ ഏഴ് ഫൈനലില്‍ നാലിലും ചൈനക്കാണ് സ്വര്‍ണം. സ്‌കെയ്റ്റ്‌ബോര്‍ഡിംഗില്‍ പുരുഷ, വനിതാ വിഭാഗങ്ങളില്‍ ചൈന ചാമ്പ്യന്മാരായി. സൈക്ലിംഗില്‍ ജപ്പാനാണ് മൂന്ന സ്വര്‍ണത്തോടെ ആധിപത്യം പുലര്‍ത്തിയത്. 
76 സ്വര്‍ണമുള്‍പ്പെടെ 140 മെഡലുമായി ചൈന കുതിക്കുകയാണ്. തെക്കന്‍ കൊറിയയും ജപ്പാനും രണ്ടാം സ്ഥാനത്തിനായി പൊരുതുകയാണ്. ഇന്നലെ എട്ട് മെഡല്‍ നേടിയെങ്കിലും ഇന്ത്യ ഒരു സ്ഥാനം പിന്നിലേക്കു പോയി ഏഴാമതാണ്. ആര്‍ടിസ്റ്റിക് ജിംനാസ്റ്റിക്‌സിലും ചെസ്സിലും ബീച്ച് വോളിബോളിലും നീന്തലിലും ചൈനീസ് ആധിപത്യമായിരുന്നു. 

Latest News