രാജ്‌കോട്ടില്‍ റെക്കോര്‍ഡ്, മിച്ചല്‍ 96 ന് പുറത്ത്

രാജ്‌കോട് - ഇന്ത്യക്കെതിരായ മൂന്നാമത്തെയും അവസാനത്തെയും ഏകദിന ക്രിക്കറ്റ് മത്സരത്തില്‍ ഓസ്‌ട്രേലിയ ഏഴു വിക്കറ്റിന് 352 റണ്‍സെടുത്തു. രാജ്‌കോട് ഗ്രൗണ്ടിലെ റെക്കോര്‍ഡ് സ്‌കോറാണ് ഇത്. ഓസീസിനെ 352 ലൊതുക്കാനായത് ഇന്ത്യന്‍ ബൗളര്‍മാരുടെ നേട്ടം കൂടിയാണ്. ഇരുപത്തഞ്ചോവറില്‍ അവര്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 200 പിന്നിട്ടിരുന്നു. 
മികച്ച ബാറ്റിംഗ് പിച്ചില്‍ ഓസീസ് മുന്‍നിര ഇന്ത്യന്‍ ബൗളര്‍മാരെ പിച്ചിച്ചീന്തി. ഡേവിഡ് വാണറും (34 പന്തില്‍ 56) മിച്ചല്‍ മാര്‍ഷും (84 പന്തില്‍ 96) എട്ടോവറില്‍ 78 റണ്‍സിന്റെ അടിത്തറയിട്ടതോടെയാണ് ഓസീസ് അടിച്ചുതകര്‍ത്തത്. സ്റ്റീവ് സ്മിത്തുമൊത്ത് (61 പന്തില്‍ 74) മിച്ചല്‍ രണ്ടാം വിക്കറ്റില്‍ 19 ഓവറില്‍ 137 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി. സ്മിത്തും മാര്‍നസ് ലാബുഷൈനും (58 പന്തില്‍ 72) പിന്നീട് കടിഞ്ഞാണേറ്റെടുത്തു. 
എന്നാല്‍ പിന്നീട് ഇന്ത്യന്‍ ബൗളര്‍മാര്‍ കളിയിലേക്ക് വന്നു. അലക്‌സ് കാരി (19 പന്തില്‍ 11) ഗ്ലെന്‍ മാക്‌സ്‌വെല്‍ (5), കാമറൂണ്‍ ഗ്രീന്‍ (9) എന്നിവര്‍ തുടരെ പുറത്തായി. ക്യാപ്റ്റന്‍ പാറ്റ് കമിന്‍സാണ് (22 പന്തില്‍ 19 നോട്ടൗട്ട്) പിടിച്ചുനിന്നത്. 
ജസ്പ്രീത് ബുംറയും (10-0-81-3) കുല്‍ദീപ് യാദവും (6-0-48-2) അഞ്ചു വിക്കറ്റ് പങ്കുവെച്ചു. മുഹമ്മദ് സിറാജും (9-0-68-1) പ്രസിദ്ധ് കൃഷ്ണയും (5-0-45-1) ഓരോ വിക്കറ്റെടുത്തു. വാഷിംഗ്ടണ്‍ സുന്ദര്‍ മാത്രമാണ് അഞ്ചില്‍ താഴെ നിരക്കില്‍ റണ്‍ വഴങ്ങിയത്.
 

Latest News