ഹാങ്ചൗ - 1992 ലെ ബാഴ്‌സലോണ ഒളിംപിക്‌സില്‍ തുടങ്ങിയതാണ് ആ യാത്ര. മൂന്ന് രാജ്യങ്ങള്‍ പിന്നിട്ട് നാല്‍പത്തെട്ടാം വയസ്സിലും ഒക്‌സാന ചുസോവിറ്റിന ജിംനാസ്റ്റിക്‌സ് റിംഗിലുണ്ട്. ഹാങ്ചൗ ഏഷ്യന്‍ ഗെയിംസില്‍ ഉസ്‌ബെക്കിസ്ഥാനു വേണ്ടി മത്സരിക്കാന്‍ ഒക്‌സാന വോള്‍ടിലേറിയപ്പോള്‍ അമ്മേയെന്ന് ഗാലറി ആര്‍ത്തുവിളിച്ചു. ആ അപൂര്‍വ പ്രതിഭാസത്തെ നേരിട്ടു കാണാന്‍ മാധ്യമപ്രവര്‍ത്തകര്‍ ഒഴുകി വന്നു. ആരാധകരുടെ ഈ പിന്തുണയാണ് തന്റെ പ്രചോദനമെന്ന് ഒക്‌സാന പറഞ്ഞു.
2002 ലെ രണ്ട് സ്വര്‍ണമുള്‍പ്പെടെ ഏഷ്യന്‍ ഗെയിംസില്‍ എട്ട് മെഡലുണ്ട് ഒക്‌സാനക്ക്. ഇത്തവണ വോള്‍ടില്‍ ഒരു മെഡലാണ് ലക്ഷ്യം. മുന്‍ സോവിയറ്റ് റിപ്പബ്ലിക്കുകളുടെ സംയുക്ത ടീമിന്റെ ജഴ്‌സിയിട്ടാണ് 1992 ലെ ഒളിംപിക്‌സില്‍ ഒക്‌സാന മത്സരിച്ചത്. ടീം ഇനത്തില്‍ സ്വര്‍ണം നേടി. പിന്നീട് 1996, 2000, 2004 ഒളിംപിക്‌സുകളില്‍ ജന്മനാടായ ഉസ്‌ബെക്കിസ്ഥാനു വേണ്ടി മത്സരിച്ചു. 2002ല്‍ മകന്റെ രക്താര്‍ബുദ അസുഖത്തെത്തുടര്‍ന്ന് ജര്‍മനിയിലേക്ക് കുടിയേറുകയും 2008 ല്‍ ജര്‍മനിക്കു വേണ്ടി മത്സരിക്കുകയും മെഡല്‍ നേടുകയും ചെയ്തു. അന്ന് 33 വയസ്സുണ്ടായിരുന്ന ഒക്‌സാന മക്കളുടെ പ്രായമുള്ളവര്‍ക്കൊപ്പം മത്സരിച്ച് തലനാരിഴക്കാണ് സ്വര്‍ണം കൈവിട്ടത്. മകന്റെ അസുഖം ഭേദമായതിനെത്തുടര്‍ന്ന 2013 ല്‍ ഉസ്‌ബെക്കിസ്ഥാന്റെ പൗരത്വം വീണ്ടെടുത്തു. ടോക്കിയൊ ഒളിംപിക്‌സിനു ശേഷം വിരമിച്ചെങ്കിലും വൈകാതെ തിരിച്ചെത്തി. പാരിസില്‍ ഒമ്പതാമത്തെ ഒളിംപിക്‌സില്‍ മത്സരിക്കാനുള്ള ഒരുക്കത്തിലാണ്.






