ഏഷ്യാഡ് കുതിരയോട്ടത്തിന് രാജസ്പര്‍ശം

ഹാങ്ചൗ - ഏഷ്യന്‍ ഗെയിംസിന്റെ അശ്വാഭ്യാസ മത്സരത്തിന് രാജകീയതയുടെ അലങ്കാരസ്പര്‍ശം. തായ്‌ലന്റിനു വേണ്ടി മത്സരിച്ചത് അവരുടെ രാജകുമാരി സിരിവണ്ണാവരി നാരിരതനയാണ്. ഡ്രസ്സേജില്‍ ടീം ഇനത്തിലും വ്യക്തിഗത ഇനത്തിലും അവര്‍ മത്സരിക്കുന്നുണ്ട്. മുപ്പത്താറുകാരി 2006 ലെ ഏഷ്യന്‍ ഗെയിംസില്‍ ബാഡ്മിന്റണിലും 2014 ലെ ഏഷ്യന്‍ ഗെയിംസില്‍ അശ്വാഭ്യാസത്തിലും മത്സരിച്ചിരുന്നു. 
മഹാ വാജിരാലോംഗ്‌കോണിന്റെയും മുന്‍ ഭാര്യ സുജരിനി വിവാചാരവോംഗ്‌സെയുടെയും ഏക മകളാണ് നാരിരതന. ഒമ്പതാം വയസ്സില്‍ അശ്വാഭ്യാസത്തില്‍ ആകൃഷ്ടയായ നാരിരതന ഫ്രാന്‍സിലാണ് പരിശീലനം നടത്തിയത്. നല്ല ഫാഷന്‍ ഡിസൈനര്‍ കൂടിയായ നാരിരതന പാരിസ് ഫാഷന്‍ വീക്കില്‍ ഷോ നടത്തിയിരുന്നു. ചേച്ചിയും അശ്വാഭ്യാസത്തില്‍ മിടുക്കിയായിരുന്നു. എന്നാല്‍ ടീമിലെത്തിയില്ല. 
രാജകുടുംബാംഗങ്ങള്‍ ഒളിംപിക്‌സില്‍ അശ്വാഭ്യാസത്തില്‍ മത്സരിക്കുന്നത് പതിവാണ്. ബ്രിട്ടന്റെ സാറ ഫിലിപ്‌സ് 2012 ലെ ഒളിംപിക്‌സില്‍ വെള്ളി നേടിയിരുന്നു. സൗദി രാജകുടുംബാംഗങ്ങള്‍ക്കും മെഡല്‍ ലഭിച്ചിട്ടുണ്ട്.  

Latest News