ഹാങ്ചൗ - ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് നിരാശയുടെ ദിനം. ഓരോ സ്വര്‍ണവും വെള്ളിയും വെങ്കലവുമായി മൂന്നു മെഡലുകള്‍ മാത്രമാണ് ഇന്ത്യക്ക് ലഭിച്ചത്. അതേസമയം ആതിഥേയരായ ചൈനയുടെ മെഡല്‍ നേട്ടം നൂറിനോടടുക്കുകയാണ്. 53 സ്വര്‍ണമുള്‍പ്പെടെ അവര്‍ക്ക് 95 മെഡലായി. 14 സ്വര്‍ണമുള്‍പ്പെടെ 49 മെഡലുമായി തെക്കന്‍ കൊറിയയാണ് രണ്ടാം സ്ഥാനത്ത്. ജപ്പാന് എട്ട് സ്വര്‍ണമുള്‍പ്പെടെ 47 മെഡലുകള്‍ ലഭിച്ചു. മൂന്ന് സ്വര്‍ണവും മൂന്ന് വെള്ളിയും ആറ് വെങ്കലവുമുള്‍പ്പെടെ 12 മെഡലുകളുമായി ഇന്ത്യ ആറാം സ്ഥാനത്താണ്.
ഇന്ത്യയുടെ മൂന്നാം സ്വര്‍ണം അശ്വാഭ്യാസത്തിലാണ്. ഇക്വസ്ട്രിയന്‍ ഡ്രസ്സേജില്‍ 41 വര്‍ഷത്തിനു ശേഷമാണ് ഇന്ത്യയുടെ മിക്‌സഡ് ടീം സ്വര്‍ണം കൊണ്ടുവന്നത്. ഹൃദയ് ഛെദ, ദിവ്യാകൃതി സിംഗ്, അനുഷ് അഗര്‍വാല, സുദീപ്തി ഹജേല എന്നിവരുള്‍പ്പെട്ട ടീമാണ് ചൈനയുടെയും ഹോങ്കോംഗിന്റെയും ടീമുകളെ പിന്തള്ളി ഒന്നാം സ്ഥാനത്തെത്തിയത്. നാലു പേരും വ്യക്തിഗത വിഭാഗത്തിലും ഫൈനലിലെത്തിയിട്ടുണ്ട്.
പായ് വഞ്ചു തുഴയലില്‍ ഇന്ത്യ രണ്ട് മെഡല്‍ നേടി. മധ്യപ്രദേശിലെ കര്‍ഷക കുടുംബത്തിലെ പതിനേഴുകാരി നേഹ താക്കൂര്‍ ഗേള്‍സ് ഡിഞ്ചിയില്‍ വെള്ളിയും പുരുഷന്മാരുടെ വിന്‍ഡ്‌സര്‍ഫില്‍ ഈബാദലി വെങ്കലവും കരസ്ഥമാക്കി. ഡിഞ്ചിയില്‍ നേത്ര കുമാനന്‍ നാലാം സ്ഥാനത്തായി. ജൂഡോയില്‍ ജൂഡോയിലെ 78 കിലൊ വിഭാഗം വെങ്കല മെഡല്‍ മത്സരത്തില്‍ മംഗോളിയയുടെ അമര്‍സയ്ഖാന്‍ അദിയാസുരേനോട് തോറ്റു.
ഷൂട്ടിംഗിന്റെ 10 മീ. എയര്‍ റൈഫിള്‍ മിക്‌സഡ് ടീം ഇനത്തില്‍ ദിവ്യാന്‍ഷും രമിതയും ആവേശകരമായ വെങ്കല മെഡല്‍ മത്സരത്തില്‍ തോറ്റു. നീന്തലില്‍ സജന്‍ പ്രകാശും തനീഷ് മാത്യുവുമുള്‍പ്പെട്ട പുരുഷന്മാരുടെ 4-100 റിലേ ടീം ഫൈനലില്‍ അഞ്ചാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. വാള്‍പയറ്റില്‍ ഇന്ത്യയുടെ ഭവാനി ദേവി ക്വാര്‍ട്ടര്‍ ഫൈനലില്‍ പുറത്തായി.
്ഷൂട്ടിംഗില്‍ വനിതകളുടെ 25 മീറ്റര്‍ പിസ്റ്റളില്‍ ഇന്ത്യയുടെ മനു ഭാക്കര്‍ ഒന്നാം സ്ഥാനത്തോടെ ഫൈനലിലെത്തി. ഈശ സിംഗാണ് മൂന്നാം സ്ഥാനത്ത്. സ്‌ക്വാഷില്‍ ഇന്ത്യ 3-0 ന് ഖത്തറിനെ തോല്‍പിച്ചു. ബോക്‌സിംഗില്‍ നരേന്ദര്‍ ക്വാര്‍ട്ടര്‍ ഫൈനലിലെത്തി. ഒരു ജയം കൂടി നേടിയാല്‍ മെഡലുറപ്പാവും.
ഏഷ്യാഡ് മെഡല്‍ പട്ടിക
ടീം, സ്വര്‍ണം, വെള്ളി, വെങ്കലം, ആകെ
ചൈന 53 29 13 95
തെ. കൊറിയ 14 16 19 49
ജപ്പാന്‍ 8 20 19 47
ഉസ്‌ബെക്കിസ്ഥാന്‍ 5 6 11 22
ഹോങ്കോംഗ് 5 4 10 19
ഇന്ത്യ 3 4 7 14






