ഹാങ്ചൗ - ഏഷ്യന്‍ ഗെയിംസിന്റെ പുരുഷ ഹോക്കിയില്‍ ഇന്ത്യ ഗോളടിച്ചു കൂട്ടുന്നു. ഉസ്ബെക്കിസ്ഥാനെ ആദ്യ കളിയില്‍ 16-0 ന് തോല്പിച്ച ഇന്ത്യ രണ്ടാമത്തെ മത്സരത്തില്‍ സിംഗപ്പൂരിനെ 16-1 ന് തകര്‍ത്തു. അടുത്ത മത്സരം ജപ്പാനുമായാണ്.
സിംഗപ്പൂരിനെതിരെ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് സിംഗ് നാലു ഗോളടിച്ചു. മന്ദീപ് സിംഗും ഹാട്രിക് നേടി. അഭിഷേകും വരുണ്‍കുമാറും രണ്ടു വീതം ഗോള്‍ സ്കോര്‍ ചെയ്തു. കളി തീരാന്‍ ഏഴ് മിനിറ്റുള്ളപ്പോള്‍ സാകി സുല്‍ഖര്‍നൈനാണ് സിംഗപ്പൂരിന്റെ മാനം കാത്ത ഗോളടിച്ചത്. ഇരുപത്തിരണ്ടാം മിനിറ്റ് വരെ പിടിച്ചുനിന്ന ശേഷമാണ് സിംഗപ്പൂര്‍ കീഴടങ്ങിയത്. മൂന്നു മിനിറ്റിനിടെ മൂന്നു ഗോളടിച്ചതോടെ മലവെള്ളപ്പാച്ചില്‍ തുടങ്ങി.
2018 ല്‍ അഞ്ച് ഗ്രൂപ്പ് മത്സരങ്ങളില്‍ 78 ഗോളടിച്ച ഇന്ത്യക്ക് സെമിഫൈനലില്‍ മലേഷ്യക്കെതിരെ കാലിടറിയിരുന്നു. രണ്ടു തവണ ലീഡ് കളഞ്ഞുകുളിച്ച ഇന്ത്യ പെനാല്‍ട്ടി ഷൂട്ടൗട്ടിലാണ് തോറ്റത്. ചെൈന്നയില്‍ ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി കിരീടം നേടിയത് ടീമിന് ഏറെ ആത്മവിശ്വാസം പകരും. ഫൈനലില്‍ മലേഷ്യയെ 1-3 ന് പിന്നിലായ ശേഷമാണ് തോല്പിച്ചത്.






