വിവാദത്തിനൊടുവില്‍ പാക് ടീമിന് ഇന്ത്യന്‍ വിസ

ലാഹോര്‍ - ലോകകപ്പിനായി ഇന്ത്യയിലേക്ക് പുറപ്പെടാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിയുള്ളപ്പോഴും പാക്കിസ്ഥാന്‍ ടീമിന് വിസ ലഭിക്കാത്തതില്‍ അവരുടെ ക്രിക്കറ്റ് ബോര്‍ഡ് ഐ.സി.സിയെ കടുത്ത പ്രതിഷേധം അറിയിച്ചു. ഇന്നലെ ഓഫീസ് സമയം കഴിഞ്ഞിട്ടും വിസ അനുവദിച്ചിട്ടുണ്ടായിരുന്നില്ല. എന്നാല്‍ പിന്നീട് വിസ അനുവദിച്ചതായി സ്ഥിരീകരണം വന്നു. ഐ.സി.സിയും ഇക്കാര്യം സ്ഥിരീകരിച്ചു. 
ബുധനാഴ്ച രാവിലെ ഇന്ത്യയിലേക്ക് പുറപ്പെടാന്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയിരിക്കെ വിസ വൈകുന്നത് പാക്കിസ്ഥാനെ ചൊടിപ്പിച്ചിരുന്നു. ഇത് തങ്ങളുടെ ലോകകപ്പ് ഒരുക്കങ്ങളെ ബാധിക്കുമെന്ന് ബോര്‍ഡ് ഐ.സി.സിക്ക് എഴുതിയ പ്രതിഷേധക്കുറിപ്പില്‍ അറിയിച്ചു. ലോകകപ്പില്‍ പങ്കെടുക്കുന്ന ഇന്ത്യയൊഴികെയുള്ള ഒമ്പത് ടീമുകളില്‍ ഏറ്റവും അവസാനമായാണ് പാക്കിസ്ഥാന് വിസ അനുവദിച്ചത്. വിവേചനപരമായ നിലപാട് അംഗീകരിക്കില്ലെന്ന് പി.സി.ബി മുന്നറിയിപ്പ് നല്‍കി. 
പ്രശ്‌നം പരിഹരിക്കാന്‍ എന്തു നടപടിയാണ് ഐ.സി.സി സ്വീകരിക്കുന്നതെന്നും ആതിഥേയരെന്ന നിലയില്‍ ഇക്കാര്യത്തില്‍ ബി.സി.സി.ഐ എന്തെങ്കിലും ഉറപ്പ് നല്‍കിയിട്ടുണ്ടോയെന്നും പി.സി.ബി ചോദിച്ചു. 
ബുധനാഴ്ച രാവിലെ ദുബായ് വഴി ഇന്ത്യയിലെ ഹൈദരാബാദിലെത്താനായിരുന്നു 18 കളിക്കാരും 15 സപ്പോര്‍ടിംഗ് സ്റ്റാഫുമുള്‍പ്പെടെ മുപ്പത്തിമൂന്നംഗ പാക്കിസ്ഥാന്‍ ടീമിന്റെ പദ്ധതി. വെള്ളിയാഴ്ച ഹൈദരാബാദില്‍ ന്യൂസിലാന്റിനെതിരെ അവര്‍ക്ക് സന്നാഹ മത്സരമുണ്ട്. ഒക്ടോബര്‍ ആറിന് നെതര്‍ലാന്റ്‌സിനെതിരെയാണ് പാക്കിസ്ഥാന്റെ ആദ്യ ലോകകപ്പ് മത്സരം. അതിന് മുമ്പ് ഒക്ടോബര്‍ മൂന്നിന് ഓസ്‌ട്രേലിയയുമായും അവര്‍ സന്നാഹ മത്സരം കളിക്കും. 
ദുബായില്‍ രണ്ടു ദിവസത്തെ പരിശീലനം നടത്തി ഇന്ത്യയിലേക്ക് തിരിക്കാനായിരുന്നു നേരത്തെ പാക്കിസ്ഥാന്‍ ടീമിന്റെ പദ്ധതി. എന്നാല്‍ ഇന്ത്യന്‍ വിസക്കായി പാസ്‌പോര്‍ടുകള്‍ സമര്‍പ്പിച്ചതിനാല്‍ നേരത്തെ ദുബായിലേക്ക് തിരിക്കാന്‍ പാക്കിസ്ഥാന്‍ ടീമിന് സാധിച്ചില്ല. ഓഗസ്റ്റ് അവസാനം തന്നെ വിസക്കായുള്ള നടപടിക്രമങ്ങള്‍ പാക്കിസ്ഥാന്‍ ആരംഭിച്ചിരുന്നുവെന്നാണ് പി.സി.ബി പറയുന്നത്. ഏഷ്യാ കപ്പില്‍ നിന്ന് ടീം തിരിച്ചെത്തിയ ഉടനെ ഈ മാസം 19 ന് പാസ്‌പോര്‍ടുകള്‍ ഇസ്ലാമാബാദിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനില്‍ സമര്‍പ്പിച്ചിരുന്നുവെന്നും അവര്‍ വിശദീകരിച്ചു. 

Latest News