ഹാങ്ചൗ - ആതിഥേയരായ ചൈന സ്വര്‍ണക്കുതിപ്പ് തുടരുന്ന പത്തൊമ്പതാമത് ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യ ഇന്നലെ ആറ് മെഡലുകള്‍ നേടി. രണ്ട് സ്വര്‍ണവും നാല് വെങ്കലവുമാണ് ഇന്ത്യക്ക് ലഭിച്ചത്. വനിതാ ട്വന്റി20 ക്രിക്കറ്റിലും ഷൂട്ടിംഗിന്റെ 10 മീ. എയര്‍ റൈഫിള്‍ ടീം ഇനത്തിലുമാണ് സ്വര്‍ണം വീഴ്ത്തിയത്. ഷൂട്ടിംഗിലും തുഴച്ചിലിലും രണ്ടു വീതം വെങ്കലം സ്വന്തമാക്കി. വുഷുവില്‍ ഒരു മെഡലുറപ്പായി.
ഷൂട്ടിംഗിന്റെ 25 മീ. റാപ്പിഡ് ഫയര്‍ പിസ്റ്റളില്‍ വിജയവീര്‍ സിദ്ദുവും അനീഷും ആദര്‍ശ് സിംഗുമടങ്ങുന്ന ഇന്ത്യന്‍ ടീം വെങ്കലം നേടി. മറ്റൊരു വെങ്കലം 10 മീ. എയര്‍ റൈഫിള്‍ വ്യക്തിഗത വിഭാഗത്തിലാണ്, ചൈനയുടെ ഷെന്‍ ലിഹാവോക്കും തെക്കന്‍ കൊറിയയുടെ ഹാജുന്‍ പാര്‍ക്കിലും പിന്നില്‍ ഇന്ത്യയുടെ ഐശ്വര്യപ്രതാപ് സിംഗ് തോമര്‍ മൂന്നാമതെത്തി. തുഴച്ചിലിന്റെ അവസാന ദിനം ഇന്ത്യക്ക് രണ്ട് വെങ്കലം ലഭിച്ചു. സത്‌നാം സിംഗും പര്‍മീന്ദര്‍ സിംഗും ജാക്കര്‍ ഖാനും സുഖ്മീത് സിംഗുമടങ്ങുന്ന ടീമിലും ക്വാഡ്രപ്പ്ള്‍ സ്‌കള്‍സിലും ജസവീന്ദര്‍ സിംഗും ഭീം സിംഗും പുനീത്കുമാറും ആശിഷുമടങ്ങുന്ന ടീം മെന്‍സ് ഫോറിലുമാണ് മെഡല്‍ നേടിയത്. തുഴച്ചിലില്‍ ഇന്ത്യയുടെ മികച്ച ഏഷ്യാഡ് പ്രകടനമാണ് ഇത്. ടീമിന് രണ്ട് വെള്ളിയും മൂന്ന് വെങ്കലവുമുള്‍പ്പൈട അഞ്ച് മെഡലുകള്‍ ലഭിച്ചു. സിംഗിള്‍ സ്‌കള്‍സില്‍ ബല്‍രാജ് പന്‍വറിന് തലനാരിഴക്ക് മെഡല്‍ നഷ്ടപ്പെട്ടു. 2010 ലെ ഗ്വാംഗ്ഷു ഏഷ്യാഡിലും ഇന്ത്യക്ക് അഞ്ച് മെഡലുകള്‍ ലഭിച്ചിരുന്നു.
വുഷുവില്‍ വനിതകളുടെ 60 കിലോ വിഭാഗത്തില്‍ റോഷിബിന ദേവി മെഡലുറപ്പാക്കി. കസാഖിസ്ഥാന്‍കാരി അയ്മനെ തോല്‍പിച്ച് റോഷിബിന സെമിഫൈനലിലെത്തി. സെമിയില്‍ തോറ്റാലും മെഡല്‍ ലഭിക്കും.
ആര്‍ടിസ്റ്റിക് ജിംനാസ്റ്റിക്‌സില്‍ പ്രണതി നായിക് വോള്‍ടിലും ഓള്‍എറൗണ്ടിലും ഫൈനലില്‍ സ്ഥാനം പിടിച്ചു. വോള്‍ടില്‍ ഫൈനലിലെത്തിയ എട്ടു പേരില്‍ ആറാം സ്ഥാനമാണ് ഇന്ത്യന്‍ താരത്തിന്. ഓള്‍എറൗണ്ടില്‍ 24 പേര്‍ ഫൈനലിലെത്തിയതില്‍ 23ാം സ്ഥാനമാണ്.
ടെന്നിസില്‍ രാംകുമാര്‍ രാമനാഥന്‍-സാകേത് മയ്‌നേനി സഖ്യം അടുത്ത റൗണ്ടിലേക്ക് മുന്നേറിയപ്പോള്‍ രോഹന്‍ ബൊപ്പണ്ണയും യുകി ഭാംബ്രിയും പുറത്തായി. നീന്തലില്‍ പുരുഷന്മാരുടെ 50 മീ. ബാക്ക്‌സ്‌ട്രോക്കില്‍ ശ്രീഹരി നടരാജ് ഫൈനലിലേക്ക് മുന്നേറി. പുരുഷന്മാരുടെ 4-200 മീ. ഫ്രൈസ്റ്റൈല്‍ റിലേയിലും ഇന്ത്യ ഫൈനലില്‍ സ്ഥാനം പിടിച്ചു.






