അലഗാഡോക്ക് ഒമ്പത്, ഏഷ്യാഡില്‍ ഫൈനല്‍

ഹാങ്ചൗ - ഏഷ്യന്‍ ഗെയിംസിലെ ബേബിയായ മാസെല്‍ പാരിസ് അലഗാഡൊ സ്‌കെയ്റ്റ്‌ബോര്‍ഡിംഗിന്റെ വിമണ്‍സ് പാര്‍ക്കില്‍ ഫൈനലിലെത്തി. നല്ല തമാശയായിരുന്നു ഏഷ്യാഡെന്ന് ഫിലിപ്പൈന്‍സുകാരി പറഞ്ഞു. ഫൈനലില്‍ മത്സരിച്ച എട്ടു പേരില്‍ ഏഴാം സ്ഥാനത്തോടെ അലഗാഡൊ ചൈനയില്‍ നിന്ന് മടങ്ങും. ജപ്പാന്റെ പതിനഞ്ചുകാരി ഹിനാനൊ കുസാക്കിയാണ് സ്വര്‍ണം നേടിയത്. ചൈനയുടെ പതിനഞ്ചുകാരന്‍ ചെന്‍ യെ പുരുഷ ചാമ്പ്യനായി.
ഏഷ്യന്‍ ഗെയിംസില്‍ ഇതുവരെ മെഡല്‍ നിശ്ചയിക്കപ്പെട്ട 62 ഇനങ്ങളില്‍ പകുതിയിലേറെയും സ്വര്‍ണം നേടിയത് ചൈന. ആതിഥേയ ടീമിന് 34 സ്വര്‍ണം ലഭിച്ചു. രണ്ടാം സ്ഥാനത്ത് തെക്കന്‍ കൊറിയ ഏറെ പിന്നിലാണ്, ഒമ്പത് സ്വര്‍ണം. ചൈനക്ക് 60 മെഡലായി, കൊറിയക്കും ജപ്പാനും ഇരുപത്തെട്ട് വീതവും. ഇന്ത്യ രണ്ട് സ്വര്‍ണമുള്‍പ്പെടെ 11 മെഡലുമായി ആറാം സ്ഥാനത്താണ്. 
ഷൂട്ടിംഗില്‍ എട്ടിനങ്ങളില്‍ അഞ്ചിലും ചൈനയാണ് ചാമ്പ്യന്മാര്‍. നീന്തലില്‍ 11 ഇനങ്ങള്‍ പിന്നിട്ടപ്പോള്‍ ഒമ്പത് സ്വര്‍ണമാണ് ആതിഥേയര്‍ വാരിയത്. വുഷുവിലെ നാല് സ്വര്‍ണത്തില്‍ മൂന്നും ചൈന സ്വന്തമാക്കി. തുഴച്ചിലിലെ 14 സ്വര്‍ണ മെഡലുകളില്‍ മൂന്നെണ്ണം മാത്രമാണ് മറ്റു രാജ്യങ്ങള്‍ക്ക് ചൈന വിട്ടുകൊടുത്തത്. 
എങ്കിലും ഹാങ്ചൗ ഏഷ്യാഡിലെ ആദ്യ ലോക റെക്കോര്‍ഡ് ഇന്ത്യക്കാണ്. ഷൂട്ടിംഗിന്റെ 10 മീ. എയര്‍ റൈഫിള്‍ ടീം ഇനത്തില്‍ രുദ്രാന്‍ക്ഷ് പാട്ടീലും ദിവ്യാന്‍ഷ് പന്‍വറും ഐശ്വര്യപ്രതാപ് സിംഗ് തോമറുമടങ്ങുന്ന ടീമാണ് ലോക റെക്കോര്‍ഡോടെ സ്വര്‍ണം നേടിയത്. ഇന്ത്യയുടെ ആദ്യ സ്വര്‍ണം കൂടിയായിരുന്നു ഇത്. ചൈനീസ് ടീം കഴിഞ്ഞ മാസം സ്ഥാപിച്ച റെക്കോര്‍ഡാണ് ഇന്ത്യ മറികടന്നത്.
 

Latest News