സെന്‍സേഷനല്‍ സാധു, സ്വപ്‌ന ബൗളിംഗില്‍ ഇന്ത്യ

ഹാങ്ചൗ - പതിനെട്ടുകാരി ടിറ്റാസ് സാധുവിന്റെ സെന്‍സേഷനല്‍ ബൗളിംഗില്‍ ഏഷ്യന്‍ ഗെയിംസിന്റെ വനിതാ ക്രിക്കറ്റിലെ അരങ്ങേറ്റത്തില്‍ ഇന്ത്യയെ സ്വര്‍ണമണിയിച്ചു. നാലോവറില്‍ രണ്ടും മെയ്ഡനാക്കിയ ടിറ്റാസ് ആറ് റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റെടുത്തു. ഏഴു വിക്കറ്റിന് 116 റണ്‍സെടുത്ത ഇന്ത്യക്കെതിരെ ഫൈനലില്‍ ശ്രീലങ്കക്ക് എട്ട് വിക്കറ്റിന് 97 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. 19 റണ്‍സ് ജയത്തോടെ ഇന്ത്യ ചാമ്പ്യന്മാരായി. ജനുവരിയില്‍ ദക്ഷിണാഫ്രിക്കയില്‍ പ്രഥമ അണ്ടര്‍-19 വനിതാ ട്വന്റി20 ലോകകപ്പ് ഫൈനലില്‍ പ്ലയര്‍ ഓഫ് ദ മാച്ചായിരുന്നു ടിറ്റാസ്. ഇംഗ്ലണ്ടിനെ തോല്‍പിച്ച് ഇന്ത്യ അന്ന് ലോക ചാമ്പ്യന്മാരായി. 
വന്‍ സ്‌കോറിലേക്ക് നീങ്ങുകയായിരുന്ന ഇന്ത്യയെ 14 റണ്‍സിനിടെ അഞ്ചു വിക്കറ്റ് പിടിച്ചെടുത്താണ് ശ്രീലങ്ക 116 ലൊതുക്കിയത്. സ്മൃതി മന്ദാനയും (45 പന്തില്‍ 46) ജെമീമ റോഡ്രിഗസും (40 പന്തില്‍ 42) നല്‍കിയ തുടക്കം ഇന്ത്യക്ക് മുതലാക്കാനായില്ല. ഒന്നിന് 89 ല്‍ നിന്ന് ഇന്ത്യ കുത്തനെ തകര്‍ന്നു. മറ്റാരും രണ്ടക്കം കണ്ടില്ല. 
ചമാരി അട്ടപ്പട്ടു (12 പന്തില്‍ 12) അതിവേഗം മറുപടി തുടങ്ങിയതായിരുന്നു. എന്നാല്‍ പവര്‍പ്ലേ പിന്നിടും മുമ്പെ മൂന്നു വിക്കറ്റ് നഷ്ടപ്പെട്ടതോടെ ശ്രീലങ്ക പരുങ്ങി. പിന്നീട് പ്രതിരോധത്തിലേക്ക് പോയത് റണ്‍റെയ്റ്റ് സമ്മര്‍ദ്ദം സൃഷ്ടിച്ചു. ഹസിനി പെരേരയും (22 പന്തില്‍ 25) നിലാക്ഷി ഡിസില്‍വയും (34 പന്തില്‍ 23) ഒഷാദി രണസിംഗെയും (26 പന്തില്‍ 19) പൊരുതിയെങ്കിലും ലക്ഷ്യം അകന്നു. രാജേശ്വരി ഗെയ്കവാദ് രണ്ട് വിക്കറ്റെടുത്ത് ടിറ്റാസിന് ശക്തമായ പിന്തുണ നല്‍കി.
 

Latest News