Sorry, you need to enable JavaScript to visit this website.

സൗദിയിലെ മാര്‍ബിള്‍ കുന്നിലേക്ക് സന്ദര്‍ശക പ്രവാഹം; അരുവിയും വാഴത്തോട്ടവും കണ്ട് മലയാളികളും

അല്‍ബാഹ- സൗദി ദേശീയ ദിനത്തോടനുബന്ധിച്ച് രാജ്യത്തെ പ്രധാന ടൂറിസറ്റ് കേന്ദ്രങ്ങളിലെന്ന പോലെ അല്‍ ബാഹയിലെ മാര്‍ബിള്‍ വില്ലേജിലേക്കും വിനോദ സഞ്ചാരികള്‍ ഒഴുകിയെത്തി.
അല്‍ബാഹ സിറ്റിയില്‍നിന്ന് 24 കിലോമീറ്റര്‍ അകലെയാണ് ഭൂപ്രകൃതി കൊണ്ടും കെട്ടിടനിര്‍മിതികൊണ്ടും വിസ്മയിപ്പിക്കുന്ന മാര്‍ബില്‍ വില്ലേജ് എന്നുവിളിക്കുന്ന ദീ ഐന്‍ പ്രദേശം. ഇതിന്റെ ചരിത്രപ്രാധാന്യം ഉള്‍ക്കൊണ്ടുകൊണ്ട് സന്ദര്‍ശകര്‍ക്ക് എല്ലാ വിവരങ്ങളും ലഭ്യമാക്കുന്ന വിസിറ്റര്‍ കേന്ദ്രം കൂടി ഒരുക്കിയിണ്ട് സൗദി ഹെറിറ്റേജ് ഫൗണ്ടേഷന്‍.
സൗദി അറേബ്യയിലെ മറ്റുപ്രദേശങ്ങളില്‍ കടുത്ത ചൂടനുഭവപ്പെടുന്ന സീസണില്‍പോലും അരുവികളും പച്ചപ്പുകളും പാര്‍ക്കുകളും കൊണ്ട് സമ്പന്നമായ അല്‍ബാഹയില്‍ തണുപ്പുള്ള കാലാവസ്ഥ പ്രതീക്ഷിച്ചാണ് സന്ദര്‍ശകര്‍ ചുരം കയറുന്നത്. മലനിരകളിലെ കോടമഞ്ഞ് അനുഭവിച്ച് ചുരമിറങ്ങി താഴെ ദീ ഐനിലെത്തുമ്പോള്‍ വീണ്ടും നമുക്ക് ഉഷ്ണം അനുഭവപ്പെടും. ചൂടുകാലാവസ്ഥ ചെറുതായി വിട്ടുതുടങ്ങിയ സെപ്റ്റംബറിലെ അനുഭവമാണിത്. കാലാവസ്ഥയേക്കാള്‍ പുരാതന പാരമ്പര്യം തന്നെയാണ്  ദീ ഐനിനെ സന്ദര്‍ശകര്‍ക്ക് കുറച്ച് സമയം ചെലവഴിക്കാന്‍ പറ്റുന്ന സ്ഥലമാക്കി മാറ്റുന്നത്. ഇവിടെ കാണുന്ന കെട്ടിട നിര്‍മിതി കണ്ട് വിസ്മയിച്ചുകൊണ്ട് ചുറ്റുഭാഗവും നടന്നല്‍ ചൂടുകാലമായ സെപ്റ്റംബറിലും ന്നായി പച്ചപ്പും ആസ്വദിക്കാം. അരുവികളും വാഴത്തോട്ടവും നാട്ടിലെ ഏതെങ്കിലും ഗ്രാമത്തെ ഓര്‍മിപ്പിക്കുകയും  ചെയ്യും.  

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)


400 വര്‍ഷം പഴക്കമുള്ള ദീ ഐന്‍ മാര്‍ബിള്‍ വെളുത്ത മാര്‍ബിള്‍ കുന്നിന്‍ മുകളില്‍ കല്ലുകൊണ്ട് നിര്‍മ്മിച്ച വാസസ്ഥലമാണ്. പരന്ന കല്ലുകള്‍ അടുക്കി വെച്ചിരിക്കുന്ന കെട്ടിടത്തിലെ നിര്‍മ്മാണ വിദ്യ തികച്ചും അസാധാരണമാണ്. 400 വര്‍ഷം മുമ്പ് ഈ ഗ്രാമത്തില്‍ ഇങ്ങനെ ഒരു നിര്‍മാണ വിദ്യ ഉണ്ടായിക്കാണുമോ എന്ന സംശയം സന്ദര്‍ശകരില്‍ ജനിപ്പിക്കുന്നതാണ് കാഴിച.
വാസ്തുവിദ്യയില്‍ സവിശേഷമായ ഘടനയും രീതിയും സൂചിപ്പിക്കുന്ന ഗ്രാമം കാലത്തിനു മുന്നില്‍ സഞ്ചരിച്ചുവെന്നുവേണം കരുതാന്‍. മസ്ജിദുകള്‍ ഉള്‍പ്പെടെ കെട്ടിടങ്ങളുടെ ഉയരം രണ്ട് മുതല്‍ ഏഴ് നിലകള്‍ വരെ ആയിരുന്നു.
ഗ്രാമം അതിന്റേതായ രീതിയില്‍ അസാധാരണമാണെങ്കില്‍ മാര്‍ബിള്‍ കുന്നിന് ചുറ്റുമുള്ള സമൃദ്ധമായ സസ്യജാലങ്ങളും സന്ദര്‍ശകരെ വിസ്മയിപ്പിക്കും. സമൃദ്ധമായ വാഴത്തോട്ടങ്ങള്‍ കണ്ണെടുക്കാതെ നോക്കിനില്‍ക്കുന്ന മലയാളികളെ കണ്ടപ്പോള്‍ ഇവരൊന്നും നാട്ടില്‍ വാഴകള്‍ കണ്ടിട്ടുണ്ടാവില്ലേ എന്നാണ് തോന്നിയത്.
കുന്നിന്‍ചുവട്ടിലെ ഇടതൂര്‍ന്ന മരങ്ങള്‍ക്കിടയിലൂടെ ഒഴുകുന്ന നീരുറവയായ ദീ ഐനിന്റെ പേരിലാണ് ഈ ഗ്രാമം അറിയപ്പെടുന്നത്. ഈ പ്രദേശം വൈവിധ്യമാര്‍ന്ന വന്യജീവികളുടെ ആവാസ കേന്ദ്രമായിരുന്നുവെന്നതാണ് ചരിത്രം.
പ്രദേശവാസികള്‍ക്കും വിനോദസഞ്ചാരികള്‍ക്കും ആകര്‍ഷകമായി അടുത്ത കാലത്താണ് ദീ ഐന്‍ ഗ്രാമം ജനപ്രീതി നേടിയത്. രാജ്യം ഏകീകരിക്കപ്പെടുന്നതിന് മുമ്പ് നിരവധി ഗോത്ര യുദ്ധങ്ങള്‍ നേരിട്ട പ്രദേശമാണിത്.
ശൈത്യകാലത്ത് നല്ല തണുപ്പ് അനുഭവപ്പെടുന്ന പ്രദേശം വേനല്‍ക്കാലത്തും ചരിത്ര കുതുകികളെ ആകര്‍ഷിക്കുന്നു. വെളുത്ത പര്‍വതവും തവിട്ട്കല്ല് കെട്ടിടങ്ങളും പച്ച മരങ്ങളും സംയോജിപ്പിച്ച് മനോഹരവും വര്‍ണ്ണാഭവുമായ ഒരു കളര്‍ചിത്രമായി ഇത് അനുഭവപ്പെടുമ്പോള്‍  കുട്ടികള്‍ക്ക് അവരുടെ മനസ്സുകളിലെ കലാ വാസന പ്രചോദിപ്പിക്കാനും വിസിറ്റര്‍ സെന്ററില്‍ സൗകര്യമുണ്ട്.
ചരിത്രത്തില്‍ താല്‍പ്പര്യമുള്ളവര്‍ക്ക് ഗ്രാമം വാസ്തുവിദ്യയെയും അത് നിര്‍മ്മിച്ച ആളുകളെയും കുറിച്ചുള്ള വിവരങ്ങളുടെ ഒരു നിധിയാണെന്നു പറയാം. സൗദി ദേശീയ ദിനത്തോടനുബന്ധിച്ച് ദീ ഐന്‍ മാര്‍ബിള്‍ വില്ലേജില്‍ ലേസര്‍ ഷോയും ഒരുക്കിയിരുന്നു.
ജിദ്ദയില്‍നിന്ന് കുടുംബങ്ങളടക്കം അമ്പതോളം പേരടങ്ങുന്ന സംഘമെത്തിയപ്പോള്‍ വിസിറ്റര്‍ കേന്ദ്രത്തിന്റെ മാനേജറും ജീവനക്കാരും വലിയ സ്വീകരണമാണ് നല്‍കിയത്. അല്‍ബാഹയുടെ പ്രകൃതിയും കാലാവസ്ഥയും അനുഭവിച്ചതോടൊപ്പം പൗരാണികതയുടെ അത്ഭതം കൂടി നേരിട്ട് കാണാനും മനസ്സിലാക്കാനും സാധിച്ച ആവേശത്തിലായിരുന്നു തനിമ ജിദ്ദ നോര്‍ത്ത് സോണ്‍ സംഘടിപ്പിച്ച വിനോദ യാത്രയില്‍ പങ്കെടുത്തവര്‍.
യാത്രാസംഘത്തിന് തനിമ ജിദ്ദ നോര്‍ത്ത് എക്‌സിക്യുട്ടീവ് അംഗങ്ങളായ മുഹമ്മദലി എടത്തൊടി, അശ്‌റഫ് എം.പി, മുനീര്‍ വിളയാങ്കോട്, നൗഷാദ് ഇ.കെ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

 

Latest News