ചേർത്തല കോടതി വളപ്പിൽ സ്ത്രീകൾ തമ്മിൽ പൊരിഞ്ഞ തല്ല്

ആലപ്പുഴ-  കോടതിവളപ്പില്‍ നാത്തൂന്‍മാര്‍ തമ്മിലുണ്ടായ വാക്കുതർക്കം  പൊരിഞ്ഞ തല്ലിൽ കലാശിച്ചു. ചേർത്തല കോടതി വളപ്പിലാണ് സംഭവം. ഒടുവിൽ പോലീസ് ഇടപെട്ടാണ് രണ്ട് പേരെയും പിടിച്ചുമാറ്റി രംഗം ശാന്തമാക്കിയത്. വിവാഹമോചനക്കേസില്‍ കോടതിയില്‍ എത്തിയതായിരുന്നു ഇരുവരും.

വിവാഹ മോചന കേസ് തുടരുന്ന ദമ്പതികളുടെ കുട്ടികളെ വിട്ടുകൊടക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് നാത്തൂന്മാർ തമ്മിലുള്ള കയ്യാങ്കളിയില്‍ എത്തിയത്. കോടതിവളപ്പില്‍ തമ്മിലടിച്ച രണ്ടുസ്ത്രീകളും പരസ്പരം മുടി പിടിച്ചുവലിക്കുകയും മുഖത്തടിക്കുകയും ചെയ്തു. ഇതിനിടെ നിലത്തുവീണിട്ടും അടി തുടര്‍ന്നു. ബന്ധുക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ ഇവരെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും സംഘര്‍ഷം അയഞ്ഞില്ല. വനിതാ പോലീസ് ഇല്ലാത്തതിനാല്‍ സ്ഥലത്തുണ്ടായിരുന്ന പുരുഷ പോലീസുകാര്‍ ആദ്യം ഇടപെടാന്‍ മടിച്ചെങ്കിലും കൈയാങ്കളി കൈവിട്ടുപോയതോടെ ഇരുവരെയും പിടിച്ചുമാറ്റി രംഗം ശാന്തമാക്കുകയായിരുന്നു.

ഏറെ നാളത്തെ പ്രണയത്തിന് ശേഷം വിവാഹം കഴിച്ച ദമ്പതികളുടെ വിവാഹ മോചനക്കേസാണ് കോടതിയിലുള്ളത്.  ഇവർക്ക് ഏഴും നാലും വയസ്സായ കുട്ടികളുണ്ട്.

 

Latest News