ഖാദര്‍ അലിയുടെ ചോദ്യത്തിന് ആരാണ് മറുപടി നല്‍കുക
ആരാണ് പൗരന്, ആരാണ് നുഴഞ്ഞുകയറ്റക്കാരന്... അസമിലെ പൗരത്വ രജിസ്ട്രേഷന് പദ്ധതി ഇത് കണ്ടെത്തുകയായിരുന്നു. എന്നാലിന്ന്, അതേ പദ്ധതി സംസ്ഥാനത്തുടനീളം ഭീതിയുടെ വിത്തുകള്‍ പാകിയിരിക്കുന്നു.
എന്റെ പിതാവ് സലീമുദ്ദീന്‍, അദ്ദേഹത്തിന്റെ പിതാവ് ഖുദ്റത് മുന്‍ഷി, അദ്ദേഹത്തിന്റെ പിതാവ് സാമിറുദ്ദീന്, പിന്നെ മേഘ, ബീര്‍ബല്‍ പരമ്പര നീളുന്നു.. ഞങ്ങളുടേത് മതപരിവര്‍ത്തനം ചെയ്തവരുടെ കുടുംബമാണ്. അസമില്‍ 1.06 കോടി മുസ്ലിംകളുണ്ട്. അതില്‍ നാല്പതു ശതമാനം മതപരിവര്‍ത്തനം ചെയ്തവരാണ്. ഞങ്ങളെ ബംഗ്ലാദേശികളെന്ന് വിളിക്കാന്‍ അവര്‍ക്ക് എങ്ങനെ ധൈര്യം വരുന്നു. ഞങ്ങളുടെ മുസ്ലിം സ്വത്വം എന്തുമാത്രം പഴക്കമുള്ളതാണെന്നറിയാമോ? ഞങ്ങളെ എങ്ങനെയാണ് അനധികൃത കുടിയേറ്റക്കാരനെന്ന് വിളിക്കുക - സുലൈമാന്‍ അഹ്മദ് ഖാസിമിയുടെ മനസ്സില്‍നിന്ന് രോഷം തിളച്ചുചാടി.
എന്താണ് അവര്‍ മുസ്ലിംകളെ ഇങ്ങനെ വെറുക്കുന്നത്? എന്തിനാണ് ഞങ്ങളെ പിടിച്ചു പുറത്താക്കാന്‍ ഇത്ര വ്യഗ്രത? ഇത്ര വര്‍ഷം കഴിഞ്ഞിട്ടും ഞങ്ങളെ സഹോദരന്മാരും സഹോദരികളുമായി കാണാന്‍ അവര്‍ക്ക് കഴിയാത്തതെന്ത്? -ഖാസിമിയുടെ ചോദ്യങ്ങള്‍ നിലക്കുന്നില്ല. പൗരത്വ രജിസ്ട്രേഷന്റെ പിന്നിലെ ഭരണകൂടത്തിന്റെ ദുരുദ്ദേശ്യം അസമുകാര്‍ക്ക് നല്ലവണ്ണമറിയാം.
ഗുവാഹതിയില്‍നിന്ന് 70 കി.മീ അകലെയുള്ള പ്രസിദ്ധമായ നെല്ലി ഗ്രാമത്തില്‍, പൊതുവേ എല്ലാവരും ബഹുമാനിക്കുന്ന ഒരു ബി.ജെ.പി പ്രവര്ത്തകന ാണ് ഖാസിമി. 1983 ല്‍ 2000 മുസ്ലിംകളുടെ കൂട്ടക്കൊല കണ്ട വര്‍ഗീയകലാപത്തിന്റെ നാട്. നെല്ലി എന്ന ഗ്രാമത്തെക്കുറിച്ച് ആരും ഇന്ന് ഓര്‍ക്കാന്‍ ഇഷ്ടപ്പെടുന്നില്ല, സംസാരിക്കാനും.
നാഷനല്‍ രജിസ്റ്റര്‍ ഓഫ് സിറ്റിസന്‍സ് ഇന്ന് അസമുകാര്‍ക്ക് പേടിസ്വപ്നമാണ്. ദശകങ്ങളായി, തലമുറകളായി ഇവിടെ കഴിയുന്നവരെ പുകച്ചുപുറത്തുചാടിക്കാനുള്ള ആയുധമായി അത് ഉപയോഗിക്കുന്നത് കണ്ട് പകച്ചു നില്‍ക്കുകയാണ് അവര്‍. ഇന്ത്യയില്‍ മറ്റൊരു റോഹിംഗ്യ പ്രശ്നത്തിന് ഇതോടെ തുടക്കമിടുന്നു. ആഭ്യന്തര കലാപമുണ്ടാകുമെന്ന് മമതാ ബാനര്‍ജി പറഞ്ഞത് വെറുതെയല്ല.
ഇത്രയും നിസ്സഹായനായി ഞാന്‍ ജീവിതത്തില്‍ ഇന്നേവരെ നിന്നിട്ടില്ല- 79 കാരനായ ഖാദര്‍ അലി പറയുന്നു, ഇന്ത്യക്കാരനെന്ന് തെളിയിക്കാന്‍ കോടതികളും പോലീസ് സ്റ്റേഷനുകളും കയറിയിറങ്ങുകയാണ് ഞാന്‍. ഈ ഗ്രാമത്തിലാണ് ഞാന്‍ ജനിച്ചത്. ഇവിടെ വളര്‍ന്നു. ഒരു കഷണം കടലാസിന് എങ്ങനെ എന്റെ വിധി നിര്‍ണയിക്കാന്‍ പറ്റും. ഇനി ഞാന്‍ എങ്ങോട്ട് പോകും. വേദനയും രോഷവുംമൂലം നിറഞ്ഞ കണ്ണുകള്‍ തുടച്ച് ഖാദര്‍ അലി ചോദിക്കുന്ന ചോദ്യം എല്ലാ ഇന്ത്യക്കാരോടുമാണ്യ ആരാണ് മറുപടി പറയുക.
പ്രതികരിക്കൂ....






