ഒളിംപിക്‌സ് സ്വപ്‌നം കണ്ട് ഏഷ്യാഡില്‍ ഹോക്കി ടീം

ഹാങ്ചൗ - നിലവിലെ ഒളിംപിക് വെങ്കല മെഡലുകാരും ലോക മൂന്നാം നമ്പറുമായ ഇന്ത്യ ഏഷ്യന്‍ ഗെയിംസിന്റെ പുരുഷ ഹോക്കിയില്‍ ഉസ്‌ബെക്കിസ്ഥാനെതിരെ പോരാട്ടം തുടങ്ങും. ഏഷ്യാഡ് ചാമ്പ്യന്മാര്‍ക്ക് ഒളിംപിക്‌സ് ബെര്‍ത്ത് കിട്ടുമെന്നതിനാല്‍ വലിയ പ്രാധാന്യത്തോടെയാണ് ഇന്ത്യ ഒരുങ്ങിയത്. വനിതാ ടീം 27 ന് സിംഗപ്പൂരുമായി ആദ്യ മത്സരം കളിക്കും. 
2018 ല്‍ അഞ്ച് ഗ്രൂപ്പ് മത്സരങ്ങളില്‍ 78 ഗോളടിച്ച ഇന്ത്യക്ക് സെമിഫൈനലില്‍ മലേഷ്യക്കെതിരെ കാലിടറിയിരുന്നു. രണ്ടു തവണ ലീഡ് കളഞ്ഞുകുളിച്ച ഇന്ത്യ പെനാല്‍ട്ടി ഷൂട്ടൗട്ടിലാണ് തോറ്റത്. ചെന്നൈയില്‍ ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി കിരീടം നേടിയത് ടീമിന് ഏറെ ആത്മവിശ്വാസം പകരും. ഫൈനലില്‍ മലേഷ്യയെ 1-3 ന് പിന്നിലായ ശേഷമാണ് തോല്‍പിച്ചത്. 
ടേബിള്‍ടെന്നിസില്‍ ഇന്ത്യയുടെ പുരുഷ വനിതാ ടീമുകള്‍ അടുത്ത റൗണ്ടിലേക്ക് മുന്നേറി. പുരുഷ ടീം താജിക്കിസ്ഥാനെയും വനിതാ ടീം നേപ്പാളിനെയും 3-0 ന് തോല്‍പിച്ചു. പ്രി ക്വാര്‍ട്ടറില്‍ പുരുഷന്മാര്‍ കസാഖിസ്ഥാനുമായും വനിതാ ടീം തായ്‌ലന്റുമായും മാറ്റുരക്കും. പുരുഷ ടീം 2018 ല്‍ വെങ്കലം നേടിയിരുന്നു. വനിതകള്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ പുറത്തായി. 
വന്‍ പ്രതീക്ഷയോടെ കഴിഞ്ഞ ഒളിംപിക്‌സിനെത്തുകയും തീര്‍ത്തും നിരാശപ്പെടുത്തുകയും ചെയ്ത ഷൂട്ടിംഗ് ടീം ഇന്ന് പോരാട്ടമാരംഭിക്കും. മുപ്പത്തിമൂന്നംഗ ടീമാണ് ഇന്ത്യയെ പ്രതിനിധീകരിക്കുന്നത്. ഒളിംപിക്‌സിനു ശേഷം ഇന്ത്യയുടെ പ്രകടനം കൂടുതല്‍ മോശമാവുകയാണ് ചെയ്തത്. 2018 ലെ ഏഷ്യന്‍ ഗെയിംസ് ഷൂട്ടിംഗില്‍ ഇന്ത്യ മൂന്നാം സ്ഥാനത്തായിരുന്നു. ചൈനക്കും തെക്കന്‍ കൊറിയക്കും പിന്നില്‍. ഫുട്‌ബോളില്‍ പുരുഷ ടീം ഇന്ന് മ്യാന്മറുമായി ഏറ്റുമുട്ടും. 

Latest News