ഹാംഗ്ഷു -ഏഷ്യാഡ് വനിതാ ക്രിക്കറ്റില്‍ ഇന്ത്യയും ബംഗ്ലാദേശും സെമിഫൈനലില്‍ ഏറ്റുമുട്ടും. പാക്കിസ്ഥാനും ശ്രീലങ്കയും തമ്മിലാണ് രണ്ടാം സെമി. മഴ മുടക്കിയ മത്സരങ്ങള്‍ പൂര്‍ത്തിയാക്കാതെ വന്നപ്പോള്‍ ഉയര്‍ന്ന റാങ്കുള്ള ടീമുകളെന്ന പരിഗണനയിലാണ് ഇന്ത്യയും പാക്കിസ്ഥാനും സെമിയിലെത്തിയത്. മലേഷ്യക്കെതിരായ മത്സരത്തില്‍ 15 ഓവറില്‍ ഇന്ത്യ രണ്ടിന് 173 റണ്‍സെടുക്കുമ്പോഴും മഴ ഇടങ്കോലിടുകയായിരുന്നു. ഇന്തോനേഷ്യ-പാക്കിസ്ഥാന്‍ മത്സരത്തില്‍ ഒരു പന്ത് പോലും എറിയാനായില്ല.
മഴ തടസ്സപ്പെടുത്തിയ കളിയില്‍ തായ്‌ലന്റിനെ ശ്രീലങ്ക തകര്‍ത്തു. ബംഗ്ലാദേശ്-ഹോങ്കോംഗ് മത്സരത്തില്‍ ഒരു പന്ത് പോലും എറിയാനായില്ല.
മൂന്നു തവണ ചാമ്പ്യന്മാരും നിലവിലെ റണ്ണേഴ്‌സഅപ്പായ തെക്കന്‍ കൊറിയക്കു പിന്നാലെ ഉയര്‍ന്ന റാങ്കുകാരായ ചൈനീസ് തായ്‌പെയിയെയും തോല്‍പിച്ച് ഇന്ത്യ ഏഷ്യന്‍ ഗെയിംസിന്റെ പുരുഷ വോളിബോളില്‍ ആദ്യ ആറില്‍. കഴിഞ്ഞ തവണ വെങ്കലം നേടിയ തായ്‌പെയിയെ 25-22, 25-22, 25-21 നാണ് തോല്‍പിച്ചത്. ഏഷ്യന്‍ ഒന്നാം നമ്പര്‍ ജപ്പാനുമായാണ് ഇനി കളിക്കേണ്ടത്. ജയിച്ചാല്‍ സെമിഫൈനലിലെത്താം.
ആദ്യ സെറ്റില്‍ തായ്‌പെയിയുടെ സെര്‍വിസിനു മുന്നില്‍ മുട്ടിടിച്ച ഇന്ത്യ 19-21 വരെ പിന്നിലായിരുന്നു. അപ്പാവു മുത്തുസ്വാമിയാണ് 21-21 ല്‍ സ്‌കോര്‍ ഒപ്പമെത്തിച്ചത്. അവസാന 12 പോയന്റില്‍ പത്തും നേടി ഇന്ത്യ സെറ്റ് സ്വന്തമാക്കി. രണ്ടാം സെറ്റില്‍ ഇന്ത്യയായിരുന്നു മുന്നില്‍. എന്നാല്‍ 17-17 ല്‍ സ്‌കോര്‍ തുല്യമായി. ടൈംഔട്ട് വിളിച്ച ഇന്ത്യ അമിതിലൂടെ തിരിച്ചുവന്നു. മൂന്നാം ഗെയിമില്‍ 12-6 ന്റെ ലീഡ് ഇന്ത്യ കളഞ്ഞുകുളിച്ചു. 15-15 ല്‍ തായ്‌പെയ് തിരിച്ചുവന്നു. അശ്വലിന്റെ സെര്‍വിസ് പോയന്റാണ് ഇന്ത്യയെ രക്ഷിച്ചത്.
ടേബിള്‍ ടെന്നിസില്‍ ഇന്ത്യയുടെ പുരുഷ, വനിതാ ടീമുകള്‍ സിംഗപ്പൂരിനെ തോല്‍പിച്ചു.






