റിയാദ് - സൗദി പ്രൊ ലീഗ് ഫുട്‌ബോളില്‍ നിലവിലെ ചാമ്പ്യന്മാരായ അല്‍ഇത്തിഹാദ് പോയന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് തിരിച്ചെത്തി. ദമക്കിനെതിരായ കളിയില്‍ നെയ്മാറിന്റെ അല്‍ഹിലാല്‍ സമനില വഴങ്ങിയതാണ് ഇത്തിഹാദിന് വാതില്‍ തുറന്നത്. ഏഴ കളികളില്‍ ഇത്തിഹാദിന് പതിനെട്ടും ഹിലാലിന് പതിനേഴും പോയന്റാണ്. ഈ ടീമുകള്‍ തമ്മില്‍ ജിദ്ദയില്‍ കളിച്ചപ്പോള്‍ 4-3 ജയത്തോടെയാണ് ഹിലാല്‍ ആധിപത്യം നേടിയിരുന്നത്. അത്തആവുനും അല്‍ഇത്തിഫാഖിനും ഏഴ് കളികളില്‍ 16 പോയന്റുണ്ട്. അല്‍അഹ്‌ലിക്ക് ആറ് കളികളില്‍ 15 പോയന്റും.
അബഹയിലെ പ്രിന്‍സ് സുല്‍ത്താന്‍ സ്‌പോര്‍ട്‌സ് സിറ്റിയിലെ എവേ മത്സരത്തില്‍ ഒമ്പതാം മിനിറ്റില്‍ തന്നെ ബ്രസീല്‍ താരം മാല്‍ക്കത്തിലൂടെ ലീഡ് നേടിയ ഹിലാല്‍ 1-1 സമനില വഴങ്ങി. അറുപത്തെട്ടാം മിനിറ്റില്‍ നിക്കൊളാസ് സ്റ്റാന്‍സിയു ഗോള്‍ മടക്കി.
ജിദ്ദ കിംഗ് അബ്ദുല്ല സ്‌റ്റേഡിയത്തില്‍ ഇത്തിഹരാദ് 2-1 ന് അല്‍ഫതഹിനെ തോല്‍പിച്ചു. മര്‍വാന്‍ സഅദാനിലൂടെ അല്‍ഫതഹ് ആതിഥേയരെ ഞെട്ടിച്ചെങ്കിലും റൊമാരിഞ്ഞോയും എന്‍ഗോളൊ കാണ്ടെയും ആദ്യ പകുതിയില്‍ തന്നെ ഇത്തിഹാദിനെ മുന്നിലെത്തിച്ചു. അത്തആവുന്‍ ബുറൈദയിലെ കിംഗ് അബ്ദുല്ല സ്‌പോര്‍ട്‌സ് സിറ്റി സ്‌റ്റേഡിയത്തില്‍ 2-1 ന് അല്‍റഅദിനെ തോല്‍പിച്ചു. 16 മിനിറ്റാവുമ്പോഴേക്കും ആതിഥേയര്‍ 2-0 ന് മുന്നിലെത്തിയിരുന്നു. ദമാം പ്രിന്‍സ് മുഹമ്മദ് ബിന്‍ ഫഹദ് സ്റ്റേഡിയത്തില്‍ ഇഞ്ചുറി ടൈം ഗോളില്‍ ഇത്തിഫാഖ് 4-3 ന് അല്‍തായിയെ തോല്‍പിച്ചു. ബെര്‍ണാഡ് മെന്‍സ അല്‍തായിക്കു വേണ്ടി ഹാട്രിക് നേടിയപ്പോള്‍ ജോര്‍ജിനിയൊ വൈനാള്‍ഡവും മൂസ ദെംബെലെയും ഇത്തിഫാഖിനു വേണ്ടി രണ്ടു ഗോള്‍ വീതം സ്‌കോര്‍ ചെയ്തു.
അര്‍ജന്റീന താരം എവര്‍ ബനേഗയും ബെല്‍ജിയം ഇന്റര്‍നാഷനല്‍ യാനിക് കരാസ്‌കോയും സ്‌കോര്‍ ചെയ്ത മത്സരത്തില്‍ അല്‍ശബാബ് 4-1 ന് അല്‍ഹസമിനെ തകര്‍ത്തു.






