ഇന്ത്യ x ഓസ്ട്രേലിയ
ഇന്ന് രാവിലെ 11.00
മൊഹാലി - ഏകദിന ക്രിക്കറ്റ് ലോകകപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തില്‍ ഒക്ടോബര്‍ എട്ടിന് ചെന്നൈയില്‍ ഏറ്റുമുട്ടുന്നതിന് മുമ്പ് ഇന്ത്യയും ഓസ്ട്രേലിയയും വെള്ളിയാഴ്ച മുതല്‍ മൂന്നു മത്സര പരമ്പരയില്‍ കൊമ്പുകോര്‍ക്കും. ഇരു ടീമുകളും ലോകകപ്പിനുള്ള അവസാന പരീക്ഷണങ്ങളിലാണ്, പരിക്കില്‍ നിന്ന് കരകയറിയ ചില കളിക്കാരുടെ പ്രകടനം വിലയിരുത്തും, ഒപ്പം പ്രമുഖ പരിക്കാര്ക്ക് അവസാന നിമിഷം പരിക്കേറ്റ് ലോകകപ്പ് നഷ്ടപ്പെടുന്ന ദുരവസ്ഥ ഒഴിവാക്കാന്‍ ശ്രമിക്കും. ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പരയില്‍ ഓപണര്‍ ട്രാവിസ് ഹെഡിന് പരിക്കേറ്റതിന്റെ ക്ഷീണത്തിലാണ് ഓസ്ട്രേലിയ. ഏഷ്യാ കപ്പിനിടെ പരിക്കേറ്റ അക്ഷര്‍ പട്ടേലിന്റെ കാര്യത്തില്‍ ഇന്ത്യയും വിയര്‍ക്കുകയാണ്. ഏഷ്യാ കപ്പില്‍ കിരീടം നേടിയാണ് ഇന്ത്യന്‍ ടീം വരുന്നത്. ആദ്യ രണ്ടു കളികള്‍ ജയിച്ച ശേഷം ദക്ഷിണാഫ്രിക്കയില്‍ 2-3 ന് തോറ്റതിന്റെ ജാള്യം ഓസ്ട്രേലിയക്കുണ്ട്. അതിനാല്‍ ഈ മൂന്നു കളികള്‍ ഓസീസിനാണ് കൂടുതല്‍ പ്രാധാന്യം. പ്ലേയിംഗ് ഇലവനെക്കുറിച്ച് ഇന്ത്യ ഏതാണ്ട് ധാരണയിലെത്തിയിട്ടുണ്ട്.
പരിക്കേറ്റ് വിട്ടുനില്‍ക്കുകയായിരുന്ന ഓസീസ് നായകന് പാറ്റ് കമിന്‍സും മുന്‍ നായകന് സ്റ്റീവ് സ്മിത്തും മിച്ചല്‍ സ്റ്റാര്‍ക്കും ഗ്ലെന്‍ മാക്സ്വെലും തിരിച്ചുവരികയാണ്. ഹെഡിന് പകരക്കാരനായി മാറ്റ് ഷോടിനെ ടീമിലേക്ക് വിളിപ്പിച്ചിട്ടുണ്ട്. വെടിക്കെട്ട് ഓപണറും പാര്‍ട് ടൈം ഓഫ്സ്പിന്നറുമാണ് മാറ്റ്.
സീനിയര്‍ കളിക്കാരായ വിരാട് കോലി, രോഹിത് ശര്‍മ, ഹാര്‍ദിക് പാണ്ഡ്യ എന്നിവര്‍ക്ക് ഇന്ത്യ ആദ്യ രണ്ടു കളിയില്‍ വിശ്രമം നല്‍കിയിരിക്കുകയാണ്. എതിരാളികള്‍ കളിച്ചു പരിചയിക്കേണ്ട എന്നു കരുതി കുല്‍ദീപ് യാദവിനെ പരമ്പരയില്‍ മാറ്റിനിര്‍ത്തിയിരിക്കുകയാണ്. മുഹമ്മദ് സിറാജിനും വിശ്രമം നല്കാന് സാധ്യതയുണ്ട്. ആര്. അശ്വിന്, വാഷിംഗ്ടണ്‍ സുന്ദര്‍ എന്നീ ഓഫ്സ്പിന്‍ ഓള്‍റൗണ്ടര്‍മാരുടെ പ്രകടനമാണ് ഇന്ത്യ നിരീക്ഷിക്കുക. മധ്യനിരയില്‍ കരുത്തുകാട്ടാന്‍ ശ്രേയസ് അയ്യര്‍ക്കും സൂര്യകുമാര്‍ യാദവിനും അവസരം ലഭിക്കും.
അശ്വിന് അവസാനം ഏകദിനം കളിച്ചത് 20 മാസം മുമ്പാണ്. ഏഷ്യാ കപ്പില്‍ അക്ഷറിന് പരിക്കേറ്റപ്പോള്‍ പകരക്കാരനായി വിളിപ്പിച്ചത് വാഷിംഗ്ടണിനെയാണ്. എങ്കിലും ലോകകപ്പില്‍ അശ്വിന്റെ അനുഭവസമ്പത്ത് ഇന്ത്യക്ക് വലിയ മുതല്‍ക്കൂട്ടാവുമെന്ന ചിന്ത ടീം മാനേജ്മെന്റില്‍ വളര്‍ന്നുവരികയാണ്. ഓസ്ട്രേലിയക്കു വേണ്ടി ഇന്ത്യന്‍ വംശജനായ തന്‍വീര്‍ സംഘയോ സ്പെന്‍സര്‍ ജോണ്‍സണോ കളിച്ചേക്കും.
നാലു വര്‍ഷത്തിനു ശേഷമാണ് മൊഹാലിയില്‍ ഏകദിനം അരങ്ങേറുന്നത്. ഐ.പി.എല്ലില്‍ വമ്പന്‍ സ്കോറാണ് ഈ വേദിയില്‍ പിറന്നത്. അവസാനമായി മൊഹാലിയില്‍ നടന്ന ഏകദിനത്തില്‍ ഇന്ത്യയുടെ 359 ഓസീസ് പിന്തുടര്ന്ന് ജയിച്ചു. ഓസ്്ട്രേലിയക്കെതിരെ ഇന്ത്യ അവസാനം പരമ്പര കളിച്ചപ്പോള്‍ തുടര്‍ച്ചയായ മൂന്നു കളികളില്‍ സൂര്യകുമാര്‍ ആദ്യ പന്തില്‍ പുറത്തായിരുന്നു.






