വീണ്ടും ബെലിംഗാം, ഇഞ്ചുറി ടൈമില്‍ റയല്‍ ജയിച്ചു

മഡ്രീഡ് - ഇംഗ്ലിഷ് മിഡ്ഫീല്‍ഡര്‍ ജൂഡ് ബെലിംഗാമിന്റെ റയല്‍ മഡ്രീഡിലെ സുവര്‍ണ ദശ തുടരുന്നു. ഇഞ്ചുറി ടൈമിന്റെ നാലാം മിനിറ്റില്‍ ഇരുപതുകാരന്‍ നേടിയ ഗോളില്‍ റയല്‍ യൂറോപ്യന്‍ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളില്‍ 1-0 ന് യൂനിയന്‍ ബെര്‍ലിനെ തോല്‍പിച്ചു. റയല്‍ റെക്കോര്‍ഡ് തവണ ചാമ്പ്യന്‍സ് ലീഗ് നേടിയ ടീമാണ്, യൂറോപ്പിലെ മുന്‍നിര ടൂര്‍ണമെന്റില്‍ അവരുടെ 477 ാം മത്സരമാണ് ഇത്. അതേസമയം യൂനിയന്‍ ബെര്‍ലിന് ഇത് അരങ്ങേറ്റവും. റയലിനു വേണ്ടി ആറു കളികളില്‍ ബെലിംഗാമിന്റെ ആറാമത്തെ ഗോളാണ് ഇത്. 
ആറു വര്‍ഷത്തെ ഇടവേളക്കു ശേഷം ചാമ്പ്യന്‍സ് ലീഗില്‍ തിരിച്ചെത്തിയ ആഴ്‌സനല്‍ 4-0 ന് മുന്‍ ചാമ്പ്യന്മാരായ പി.എസ.വി ഐന്തോവനെ തരിപ്പണമാക്കി. എട്ടാം മിനിറ്റില്‍ ബുകായൊ സാക്കയാണ് സ്‌കോറിംഗ് തുടങ്ങിവെച്ചത്. 
88ാം മിനിറ്റില്‍ മാലി ഡിഫന്റര്‍ സികൂ നിയാകാതെ വഴങ്ങിയ സെല്‍ഫ് ഗോള്‍ ബ്രാഗക്കെതിരെ ഇറ്റാലിയന്‍ ചാമ്പ്യന്മാരായ നാപ്പോളിക്ക് 2-1 വിജയം സമ്മാനിച്ചു. 87ാം മിനിറ്റില്‍ ലൗതാരൊ മാര്‍ടിനേസ് നേടിയ ഗോള്‍ റയല്‍ സൊസൈദാദിനെതിരെ നിലവിലെ റണ്ണേഴ്‌സ്അപ് ഇന്റര്‍ മിലാന് 1-1 സമനില നല്‍കി. 

Latest News