ലാസിയൊ ഗോളി ഗോളടിച്ചു; യൂറോപ്പില്‍ വമ്പന്മാരുടെ രാത്രി

ബെര്‍ലിന്‍ - ബാഴ്‌സലോണയുടെ ജോ ഫെലിക്‌സും മാഞ്ചസ്റ്റര്‍ സിറ്റിയുടെ യൂലിയന്‍ അല്‍വരേസും പി.എസ്.ജിയുടെ കീലിയന്‍ എംബാപ്പെയും ഗോളടിച്ച യൂറോപ്യന്‍ ചാമ്പ്യന്‍സ് ലീഗ് രാത്രിയില്‍ താരമായത് ലാസിയൊ ഗോളി. അത്‌ലറ്റിക്കൊ മഡ്രീഡിനെതിരായ മത്സരത്തില്‍ ഇഞ്ചുറി ടൈമിന്റെ അഞ്ചാം മിനിറ്റില്‍ ഗോളി ഇവാന്‍ പ്രോവദലിന്റെ ഹെഡര്‍ ലാസിയോക്ക് 1-1 സമനില സമ്മാനിച്ചു. അവസാന വേളയില്‍ ആക്രമണനിരയെ സഹായിക്കാന്‍ കയറിവന്ന ഗോള്‍കീപ്പര്‍ വിംഗില്‍ നിന്നുള്ള ക്രോസാണ് ഹെഡറിലൂടെ വലയിലെത്തിച്ചത്. 
2002 നു ശേഷം ആദ്യമായാണ് ലിയണല്‍ മെസ്സിയും ക്രിസ്റ്റിയാനൊ റൊണാള്‍ഡോയും ഇല്ലാതെ ചാമ്പ്യന്‍സ് ലീഗിന്റെ ഗ്രൂപ്പ് ഘട്ടം ആരംഭിച്ചത്. ബാഴ്‌സലോണക്കു വേണ്ടിയുള്ള അരങ്ങേറ്റത്തില്‍ പതിനാറുകാരന്‍ ലാമിന്‍ യമാല്‍ സ്‌കോര്‍ ചെയ്യേണ്ടതായിരുന്നു. ബെല്‍ജിയന്‍ ടീം ആന്റ്‌വേര്‍പ്പിനെതിരെ ബാഴ്‌സലോണയുടെ 5-0 വിജയത്തില്‍ രണ്ടു തവണ യമാലിന്റെ ശ്രമങ്ങള്‍ തലനാരിഴ പാഴായി. ഫെയ്‌നൂര്‍ദിനെതിരായ 0-2 തോല്‍വിയില്‍ സെല്‍റ്റിക് ഒ്മ്പത് പേരുമായാണ് കളിയവസാനിപ്പിച്ചത്. 
നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റി കിരീടം കാക്കാനുള്ള പോരാട്ടമാരംഭിച്ചത് ഗോള്‍ വഴങ്ങിയാണ്. പക്ഷെ 3-1 ന് റെഡ് സ്റ്റാര്‍ ബെല്‍ഗ്രേഡിനെ തോല്‍പിച്ചു. ആദ്യ പകുതിയില്‍ സിറ്റി 22 ഷോട്ടുകള്‍ പായിച്ചെങ്കിലും ഗോളടിച്ചത് റെഡ് സ്റ്റാറായിരുന്നു. ഘാനാ വിംഗര്‍ ഉസ്മാന്‍ ബുഖാരി സ്‌കോര്‍ ചെയ്തു. ഇടവേളക്കു ശേഷമാണ് സിറ്റി തിരിച്ചുവന്നത്. അല്‍വരേസ് ഗോളിയെ വെട്ടിച്ചു കടന്ന് ഗോളടിക്കുകയും ഫ്രീകിക്ക് ലക്ഷ്യത്തിലെത്തിക്കുകയും ചെയ്തു. റോഡ്രിഗൊ മൂന്നാം ഗോള്‍ നേടി. ഗ്രൂപ്പ് ജി-യിലെ മറ്റൊരു മത്സരത്തില്‍ ലെയ്പ്‌സിഷ് 3-1 യംഗ് ബോയ്‌സിനെ തോല്‍പിച്ചു. 
മരണ ഗ്രൂപ്പില്‍ പി.എസ്.ജി മുന്നിലെത്തി. കീലിയന്‍ എംബാപ്പെയുടെ പെനാല്‍ട്ടി ഗോളില്‍ 2-0 ന് അവര്‍ ബൊറൂസിയ ഡോര്‍ട്മുണ്ടിനെ തോല്‍പിച്ചു. ന്യൂകാസില്‍ മിലാനില്‍ എ.സി മിലാനുമായി ഗോള്‍രഹിത സമനില പാലിച്ചു. 
 

Latest News