ഇനിയില്ല ഈ രൂപത്തില്‍, ചാമ്പ്യന്‍സ് ലീഗിന് കിക്കോഫ്

പാരിസ് - ഇപ്പോഴത്തെ രൂപത്തിലുള്ള അവസാനത്തെ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ ഗ്രൂപ്പ് മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം. യൂറോപ്പിലെ ഏറ്റവും പ്രധാനപ്പെട്ട ക്ലബ്ബ് ചാമ്പ്യന്‍ഷിപ് വലിയ മാറ്റങ്ങള്‍ക്കാണ് വിധേയമാവുന്നത്. ഇപ്പോഴത്തെ മുപ്പത്തിരണ്ടില്‍ നിന്ന് പങ്കെടുക്കുന്ന ടീമുകളുടെ എണ്ണം മുപ്പത്താറായി ഉയരും. എല്ലാ ടീമുകളും ഒരേ ഗ്രൂപ്പിലായിരിക്കും മത്സരിക്കുക. ഇപ്പോള്‍ ഗ്രൂപ്പ് ഘട്ടത്തില്‍ ആറ് മത്സരങ്ങള്‍ കളിക്കുന്ന ടീമുകള്‍ ഇനി മുതല്‍ എട്ട് കളികള്‍ കളിക്കേണ്ടി വരും. സ്വിസ് സിസ്റ്റം എന്നാണ് പുതിയ രീതി അറിയപ്പെടുന്നത്. 
രണ്ട് ദശകങ്ങളോളമായി ഇപ്പോഴത്തെ രീതിയില്‍ ചാമ്പ്യന്‍സ് ലീഗ് കളിക്കുന്നത്. 2003-04 ലാണ് ആരംഭിച്ചത്. നാല് ടീമുകള്‍ വീതമുള്ള എട്ട് ഗ്രൂപ്പുകളും പ്രി ക്വാര്‍ട്ടറും ക്വാര്‍ട്ടര്‍ഫൈനലും സെമിഫൈനലും ഫൈനലുമാണ് ഇപ്പോഴത്തെ രീതി. സ്വിസ് സിസ്റ്റം ടൂര്‍ണമെന്റിനെ കൂടുതല്‍ സന്തുലിതവും ആവേശകരവുമാക്കുമെന്ന് യുവേഫ പ്രസിഡന്റ് അലക്‌സാണ്ടര്‍ സെഫേരിന്‍ അഭിപ്രായപ്പെട്ടു. ചാമ്പ്യന്‍സ് ലീഗിന്റെ ഗ്രൂപ്പ് ഘട്ടം വിരസമാവുന്നുവെന്ന ആരോപണമാണ് മാറ്റത്തിന് പ്രേരകം. 
തങ്ങളുടെ ക്ലബ്ബ് റാങ്കിംഗ് അനുസരിച്ചാണ് ക്ലബ്ബുകള്‍ക്ക് യുവേഫയുടെ വിഹിതം കിട്ടുന്നത്. യൂറോപ്പിലെ മുന്‍നിര ക്ലബ്ബുകളും രണ്ടാം നിരയും തമ്മില്‍ വലിയ സാമ്പത്തിക അന്തരമുണ്ട്. ഒന്നാം റാങ്കുള്ള ടീമിന് 3.6 കോടി യൂറോ ലഭിക്കുമ്പോള്‍ അവസാന സ്ഥാനക്കാര്‍ക്ക് കിട്ടുക 10 ലക്ഷം യൂറോയാണ്. ഉദാഹരണത്തിന് ഇത്തവണത്തെ ഗ്രൂപ്പ് ജി-യില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്കും ലെയ്പ്‌സിഷിനും വെല്ലുവിളി സമ്മാനിക്കാന്‍ യംഗ് ബോയ്‌സിനും (സ്വിറ്റ്‌സര്‍ലന്റ്) റെഡ് സ്റ്റാര്‍ ബെല്‍ഗ്രേഡിനും (സെര്‍ബിയ) വലിയ പ്രയാസമായിരിക്കും. ഗോളടിച്ചു കൂട്ടി സിറ്റി പ്രി ക്വാര്‍ട്ടറിലേക്ക് കുതിക്കാന്‍ സാധ്യതയേറെയാണ്. ലെയ്പ്‌സിഷിന് തന്നെ അവരുടെ സെര്‍ബിയന്‍ സ്റ്റാര്‍ ഡിഫന്റര്‍ ജോസ്‌കൊ ഗ്വാര്‍ദിയോളിനെ സിറ്റി റാഞ്ചുന്നത് നോക്കിനില്‍ക്കേണ്ടി വന്നു. 
14 തവണ ചാമ്പ്യന്മാരായ റയല്‍ മഡ്രീഡിന് ഇത്തവണ പ്രയാസകരമായ ഗ്രൂപ്പാണ്. നാപ്പോളിയും ബ്രാഗയും കന്നിക്കാരായ യൂനിയന്‍ ബെര്‍ലിനുമാണ് കൂടെ. ഹാരി കെയ്‌നിനെ ടീമിലെടുത്ത് ബയേണ്‍ മ്യൂണിക് ആക്രമണനിര ശക്തമാക്കിയിട്ടുണ്ട്. നെയ്മാറിനെയും ലിയണല്‍ മെസ്സിയെയും കൈവിട്ട പി.എസ്.ജി കീലിയന്‍ എംബാപ്പെയെ കൂടെ നിര്‍ത്തിയിരിക്കുകയാണ്. 
2017-18 നു ശേഷം ആദ്യമായി ആഴ്‌സനല്‍ തിരിച്ചെത്തുകയാണ്. സൗദി ഉടമസ്ഥതയിലുള്ള ന്യൂകാസില്‍ രണ്ട് പതിറ്റാണ്ടിനു ശേഷം ചാമ്പ്യന്‍സ് ലീഗ് കളിക്കും. പി.എസ്.ജിയും എ.സി മിലാനും ബൊറൂസിയ ഡോര്‍ട്മുണ്ടുമടങ്ങുന്ന ഗ്രൂപ്പില്‍ നിന്ന് രക്ഷപ്പെടാന്‍ ന്യൂകാസില്‍ പ്രയാസപ്പെടും. ഏഴു തവണ ചാമ്പ്യന്മാരായ എ.സി മിലാനെതിരെയാണ് അവര്‍ ചൊവ്വാഴ്ച പോരാട്ടം തുടങ്ങുക. 
 

Latest News