കൊളംബോ- ഏകദിനത്തിലെ തന്റെ ഏറ്റവും മികച്ച ബൗളിംഗ് പ്രകടനം പുറത്തെടുത്ത് ഏഷ്യാ കപ്പ് ഫൈനലില്‍ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ച മുഹമ്മദ് സിറാജിനെ അഭിനന്ദന വര്‍ഷം കൊണ്ട് മൂടി സോഷ്യല്‍ മീഡിയ. 21 റണ്‍സിന് ആറ് വിക്കറ്റ് വീഴ്ത്തിയ സിറാജിന്റെ മികവില്‍ ലങ്കയെ വെറും 50 റണ്‍സിന് പുറത്താക്കിയ ഇന്ത്യ 10 വിക്കറ്റ് ജയത്തോടെ എട്ടാം തവണയും ഏഷ്യാ കപ്പില്‍ മുത്തമിട്ടു.
'നമ്മുടെ എതിരാളികളെ ഓര്‍ത്ത് എന്റെ ഹൃദയം കരയുന്നത് ആദ്യമായാണ്. നാം അവരുടെ മേല്‍ ഒരു അമാനുഷിക ശക്തി അഴിച്ചുവിട്ടതുപോലെയാണ് ഇത്...മുഹമ്മദ് സിറാജ്... നിങ്ങള്‍ ഒരു അത്ഭുത പ്രതികാരമാണ്- ആനന്ദ് മഹിന്ദ്ര എക്സില്‍ കുറിച്ചു.
മുഹമ്മദ് സിറാജ്... നിങ്ങളാണ് നായകന് -മാധ്യമ പ്രവര്‍ത്തക റാണ അയൂബ് എഴുതി.
തകര്‍പ്പന്‍ ബൗളിംഗ് പ്രകടനത്തോടെ സിറാജാണ് ഫൈനലിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത്. പ്ലെയര്‍ ഓഫ് ദ മാച്ച് സമ്മാനത്തുക കൊളംബോ പ്രേമദാസ സ്റ്റേഡിയത്തിലെ ഗ്രൗണ്ട് സ്റ്റാഫിന് നല്‍കുകയാണ് അദ്ദേഹം ചെയ്തത്.






