Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കഥ / റിപ്പബ്ലിക് ഓഫ് രാമപുരം

പാതിരാത്രി. പന്ത്രണ്ട് അടിക്കാൻ ഉദ്ദേശം ഒന്നേമുക്കാൽ വിനാഴിക മാത്രം.
ചത്താലും ആ ദിവ്യമുഹൂർത്തത്തിൽ രാമകവി കിടക്ക വിട്ട് എഴുന്നേൽക്കില്ല. അന്നേരമാണ് തെക്കേടത്തമ്മയുമായി സ്വപ്നതരംഗമാർഗേണ രാമൻ ചില തർക്കകുതർക്കങ്ങളിൽ മുഴുകിയിരിക്കുക. നട അടച്ച നേരമായതിനാൽ പാതിരാത്രി ആ വഴി ഭക്തരുടെ ശല്യം ഇല്ലാത്തോണ്ട് നടു നീർക്കാൻ സമയം കിട്ടും അമ്മയ്ക്ക്.
അങ്ങനെ ഓൻ ഇരിക്കണ നേരം. തെറ്റി. കവി ഇരിപ്പല്ല, കിടപ്പാണ്. ഉറക്കത്തിലാണ്, സ്വപ്‌നത്തിലാണ്. ലളിതഹസിതദേവീസങ്കല്പത്തിലാണ് അന്നേരം ആയമ്മ. അപ്പൊ ചോദിച്ചാല് എന്തും തരും. കവിത വരെ എഴുതിത്തരും. ഒരുമാതിരി ചാറ്റ് ജിപിടിയുടെ ദുർവാശിയും കാട്ടും.
''എന്തുട്ടാ ഡോ, സ്വപ്‌നത്തിലൊരു ആലോചന'', എന്നായി കാര്യത്തിലേക്ക് നേരിട്ടു കടന്ന ദേവിയുടെ ഡയലോഗ്. ദേവിക്ക് ഇന്നിച്ചിരെ തെരക്കുണ്ട്. ചെക്കന്റെ എടപാട് തീർത്താല് വേം പോകാം.
''അമ്മേ, തെക്കേടത്തമ്മേ, ഞാൻ ഒരു സ്വപ്‌നം കണ്ടു. ങ്ങള് വിശ്വസിക്കോന്ന് അറീല്യ'', എന്നായി രാമകവിയുടെ മന്ത്രണം.
''വിശ്വാസം, അതല്ലേ രാമാ, എല്ലാം... താൻ പൊളിക്ക്''ന്നായി അമ്മ.
കുന്തം കൊണ്ട് എടയ്ക്ക് പുറവും ചൊറിയണ് ണ്ട്. എന്താന്നറിയില്യ. ഈയിടെ ആയി മേലാകെ ഒരു ചൊറിച്ചില്. തടിച്ചു പൊങ്ങണ്.  
ആ പാറു മുറ്റം അടിച്ചുവാരുമ്പോ ശ്രീകോവിലില് കാണണ മാറാമ്പലെങ്കിലും ഒന്ന് തൂത്തൂടെ. ഹൌ, വന്നുവന്നു ഓൾക്ക് ഒന്നിലും ഒരു ശ്രദ്ധയുമില്ലെന്നായിക്കുണൂ. പ്രായത്തിന്റെ അസ്‌കിത നല്ലോണം ണ്ട്. അടിത്തൂണ് പറ്റാനുള്ള കാലായി.
ഓൾടെ കുടിശ്ശിക തീർത്ത് വേറെ വല്ലോരേം അടിച്ചുതളിക്കാൻ ഏർപ്പാടാക്കാൻ എമ്പ്രാന്തിരിക്ക് സ്വപ്‌നത്തിൽ കാട്ടണം.
ഓള് ഇനി ശരിയാവില്ല. ഓർമ്മപ്പെശകുണ്ടേനീം. രാവിലെ പൂന്താനത്തെ ചൊല്ലണേനു പകരം കുഞ്ചൻനമ്പ്യാരുടെ തുള്ളല് മൂളണ കേൾക്കാം.
പാത്രം മോറണ നേരാവുമ്പോ എല്ലാം വെറുതേ മുക്കിയെടുക്കും. ആകെ ഒരു വിഭ്രാന്തി. ശര്യാവില്യ. പാറൂന്റെ ഹുങ്ക്... അല്ലാണ്ടെന്താ! ഇവറ്റോളെ ഒരു പാഠം പഠിപ്പിക്കണം. വിത്ത് വെതറും ഞാൻ. വേണ്ട, കൊറോണയാണ് ട്രെൻഡ്.
ഓള് പോയിക്കിട്ട്യാ അക്കരെള്ള ആ സുഭാഷിണിക്ക് മുറ്റടിക്കണ തസ്തിക കൊടുക്കാൻ പറയാം. ഓളാച്ചാല് ശ്ലോകം നീട്ടിച്ചൊല്ലും. സോപാനം പാടുമ്പോ ഈണത്തില് മുറ്റടിക്കേം ചെയ്യും. നല്ല ബഹുവചനം കാട്ടണ പെണ്ണാ. ഇത്തിരി പഠിപ്പും വെവരോം ഉള്ളോണ്ട് അർത്ഥം അറിഞ്ഞു മുറ്റടിക്കും. തൊഴാൻ വരണോരെ നന്നായി അവലോകനം ചെയ്യേംചെയ്യും. മതി. ആ പെണ്ണന്നെ മതി.
പഠിക്കട്ടെ തള്ള. അല്ലേലും ഇക്കാലത്ത് പത്തുപാസ്സായ പെമ്പിള്ളേരാ മുറ്റടിക്കാൻ നല്ലത്. തൊഴാൻ കൊറച്ചു ആമ്പിള്ളേരെങ്കിലും രാവിലെ വരും.
ആത്മഗതത്തിനിടയിൽ അമ്മയെ തോണ്ടിവിളിച്ചു രാമകവി.
അയ്യോ, ചെക്കന്റെ കാര്യം മറന്നു. ''ആ, ന്നിട്ട് പറ രാമാ, എന്തൂട്ടാ നെന്റെ സ്വപ്‌നത്തില് നീ കണ്ടേ...''. അമ്മ ആശ്രിതവത്സലയായി, കാരുണ്യവതിയായി, കോമളാംഗിയായി.
''ന്റെ തെക്കേടത്തമ്മേ, കാലം മാറണത് ങ്ങള് കണ്ടില്യേ. ആധുനിക ജനാധിപത്യന്ന് പറഞ്ഞാല് എന്തൂട്ടാ...?''
''അതെന്തൂട്ടാ'', ന്നായി അമ്മ.
ചെക്കനിനി ശ്ലോകത്തില് വല്ലോം പണി തര്വോന്നൊരു ശങ്ക. നട്ടപ്പാതിരയ്ക്ക് ഗന്ധർവ്വന്മാരും ഗന്ധർവ്വോത്തികളും അമ്പലക്കുളത്തില് നീരാടാൻ എറങ്ങണ സമയാണ്. കളി കാണാൻ, ഛീ, കുളി കാണാൻ നേരത്തേ വരാം ന്ന് അവറ്റ്യോളോട് പറഞ്ഞിട്ടാ ചെക്കന്റെ സ്വപ്‌നത്തില് പ്രത്യക്ഷയായത്.
കൊറച്ചു നാളായി ഓൻ വിളിക്കണൂ.
കുളം തേവിയ വകേല് ഭണ്ഡാരം കാലി ആയതോണ്ട് സ്വപ്‌നത്തിൽ ചെക്കന്റോടെ ചെന്നില്ല. കടം ചോദിക്കാനാ വിളിക്കണേ ന്ന് ആർക്കാ അറിയാത്തേ...
''നീയൊന്ന് തെളിച്ചു പറയെന്റെ രാമാ''ന്ന് വെട്ടപ്പെട്ടു ദേവി.
കവി ഹസിച്ചു. മധുര ഗാംഭീര്യനാദത്തിൽ ഉരച്ചു, ''ഒരു വരം വേണം, ല്യാന്ന്, പറ്റില്ല്യാന്ന് മാത്രം പറയരുത്''.
തെക്കേടത്തമ്മയ്ക്ക് ക്ഷമ കെട്ടു. ദൂരേ, 'നീരാടുവാൻ നിളയിൽ നീരാടുവാൻ'ന്ന് ഒരു ഗന്ധർവസ്വരം. 'നീയെന്തേ വൈകി വന്നു...' ന്നാവും ഇനി അടുത്ത വരി. അതിനുമുൻപ് ചെക്കന്റെ ആഗ്രഹം കേൾക്കട്ടെ. ന്നിട്ട് മടങ്ങാം.
''എന്തേ, നെനക്ക് ചന്ദ്രനിൽ പോണോ? പറഞ്ഞുവിടാലോ.
അതോ, അടുത്ത സമാഹാരം ഞാൻ പ്രസാധനം ചെയ്യണോ? ന്താച്ചാൽ ആവാലോ'', ന്നായി അക്ഷമയോടെ ദേവി.
പ്രസ്സ് കയ്യിലുള്ളേന്റെ കോൺഫിഡൻസ് ആണെന്നും കൂട്ടിക്കോ. പിന്നെ, ചന്ദ്രനില് പോണകാര്യം. വാക്ക് കൊടുക്കാലോ. വാക്കല്ലേ കൊടുക്കാൻ പറ്റൂ.
ദേവി രാമമുഖത്തേക്ക് സൂക്ഷിച്ചുനോക്കി.
ഓൻ മൊഴിഞ്ഞു, ''തെക്കേടം ഗ്രാമംന്നുള്ള പേരിന് ഒരു ഗുമ്മില്ല. രാമപുരത്തിന്റെ ആസ്ഥാനകവി ഈയുള്ളവനല്ലേ. ഇപ്പോഴത്തെ അന്തരീക്ഷം നോക്ക്യാല് പേര് മാറ്റണതാ നല്ലത്. എന്തേയ്...''.
അമ്മയെ സൂക്ഷിച്ചുനോക്കിക്കൊണ്ട് ചെക്കൻ മൊഴിഞ്ഞു, ''മ്മടെ നാടിന് റിപ്പബ്ലിക് ഓഫ് രാമപുരം ന്ന്ള്ള പേര് വേണം. ആസ്ഥാനകവി ഈയുള്ളവൻ തന്നെ''.
അതും പറഞ്ഞു ചെക്കൻ തിരിഞ്ഞുകിടന്നു. അവന്റെ കൈ സീതേടെ അരേല് മുട്ടിക്കാണും.
''ന്റെ രാമേട്ടാ, ഒന്നുറങ്ങിക്കൂടെ നിങ്ങക്ക്'', എന്ന് പാതി മയക്കത്തില് പെണ്ണ് പിറുപിറുത്തു.
രാമന്റെ കൂർക്കം വലി മുറിയിൽ മുഴങ്ങി.
അന്തിച്ചുപോയ ദേവി കുന്തം ഉപേക്ഷിച്ചോടി. അമ്പലക്കുളത്തില് നീരാടുവാൻ.

Latest News