37 പന്തില്‍ ജയം, ഇന്ത്യക്ക് എട്ടാം ഏഷ്യാ കപ്പ്

കൊളംബൊ - പെയ്‌സ്ബൗളിംഗ് മായാജാലത്തിലൂടെ 15.2 ഓവറില്‍ ശ്രീലങ്കയെ എറിഞ്ഞിട്ട് ഇന്ത്യ ഏഷ്യന്‍ കിരീടമുയര്‍ത്തി. 37 പന്തിലാണ് ഇന്ത്യയുടെ ജയം. മുഹമ്മദ് സിറാജ് ഒരോവറില്‍ നാലെണ്ണമുള്‍പ്പെടെ ആറു വിക്കറ്റെടുത്തതോടെ ശ്രീലങ്ക 50 ന് ഓളൗട്ടായി. ഇന്ത്യന്‍ ഓപണര്‍മാരായ ശുഭ്മന്‍ ഗില്ലിനും (19 പന്തില്‍ 27 നോട്ടൗട്ട്) ഇശാന്‍ കിഷനും (18 പന്തില്‍ 23 നോട്ടൗട്ട്) ഒന്ന് വിയര്‍ക്കാന്‍ പോലുമുണ്ടായിരുന്നില്ല ഈ ലക്ഷ്യം. 6.1 ഓവറില്‍ ഇന്ത്യ പത്തു വിക്കറ്റിന് ജയിച്ചു. ഇന്ത്യയുടെ എട്ടാമത്തെ ഏഷ്യാ കപ്പാണ് ഇത്. 2017 ലെ ഏഷ്യന്‍ കപ്പിലാണ് അവസാനമായി ഇന്ത്യ ഒരു ടൂര്‍ണമെന്റ് ജയിക്കുന്നത്. 
ഇന്ത്യയുടെ മാസ്മരിക പെയ്‌സാക്രമണത്തിന് മുന്നില്‍ ശ്രീലങ്കക്ക് 15 ഓവറിലേറെ പിടിച്ചുനില്‍ക്കാനായില്ല. മുഹമ്മദ് സിറാജ് ആറും ഹാര്‍ദിക് പാണ്ഡ്യ മൂന്നും വിക്കറ്റെടുത്തതോടെ നിലവിലെ ചാമ്പ്യന്മാര്‍ 15.2 ഓവറില്‍ 50 ന് ഓളൗട്ടായി. മൂന്നാമത്തെ പന്തില്‍ വിക്കറ്റെടുത്ത് ജസ്പ്രീത് ബുംറയാണ് ഇന്ത്യക്ക് ബെയ്ക് ത്രൂ നല്‍കിയത്. സിറാജ് ഏഴോവറില്‍ 21 റണ്‍സിനാണ് ആറു വിക്കറ്റെടുത്തത്. ഏഷ്യാ കപ്പ് ചരിത്രത്തിലെ മികച്ച രണ്ടാമത്തെ ബൗളിംഗ് പ്രകടനമാണ് ഇത്. ശ്രീലങ്കയുടെ അജന്ത മെന്‍ഡിസ് 2008 ല്‍ ഇന്ത്യക്കെതിരെ 13 റണ്‍സിന് ഏഴു വിക്കറ്റെടുത്തിരുന്നു. സിറാജ് ഏകദിന ക്രിക്കറ്റില്‍ ഒരോവറില്‍ നാലു വിക്കറ്റെടുക്കുന്ന നാലാമത്തെ ബൗളറുമായി. 92 പന്തിലാണ് ശ്രീലങ്ക ഓളൗട്ടായത്. അവരുടെ രണ്ടാമത്തെ ചെറിയ സ്‌കോറാണ് ഇത്. 
5.4 ഓവറില്‍ 12 റണ്‍സെടുക്കുമ്പോഴേക്കും ആറ് വിക്കറ്റ് നഷ്ടപ്പെട്ട ശ്രീലങ്കക്ക് 11.2 ഓവറില്‍ 33 റണ്‍സിലെത്തുമ്പോഴേക്കും ഏഴാം വിക്കറ്റ് നഷ്ടപ്പെട്ടു. 
കുശാല്‍ പെരേരയെ (0) മൂന്നാമത്തെ പന്തില്‍ ജസ്പ്രീത് ബുംറ വിക്കറ്റ് കീപ്പറുടെ കൈയിലെത്തിച്ച ശേഷമാണ് സിറാജ് കടിഞ്ഞാണേറ്റെടുത്തത്. തന്റെ രണ്ടാം ഓവറിലെ ആദ്യ പന്തില്‍ ഓപണര്‍ പത്തും നിസങ്കയെ (2) സിറാജ് പുറത്താക്കി. രവീന്ദ്ര ജദേജ ഡൈവ് ചെയ്തു പിടിച്ചു മൂന്നാമത്തെയും നാലാമത്തെയും പന്തില്‍ സദീര സമരവിക്രമയും (0) ചരിത അസലെങ്കയും (0) പുറത്തായി. സധീര വിക്കറ്റിന് മുന്നില്‍ കുടുങ്ങി. ചരിതയെ ഇശാന്‍ കിഷന്‍ പിടിച്ചു. ഹാട്രിക് പന്ത് ബൗണ്ടറി കടത്തി അതിജീവിച്ച ധനഞ്ജയ ഡിസില്‍വയെ (4) ആറാമത്തെ പന്തില്‍ വിക്കറ്റ്കീപ്പറുടെ കൈയിലെത്തിച്ചു. ക്യാപ്റ്റന്‍ ദസുന്‍ ഷാനകയെ (0) ബൗള്‍ഡാക്കിയാണ് സിറാജ് അഞ്ചു വിക്കറ്റ് തികച്ചത്. ഒരറ്റത്ത് ചെറുത്തുനിന്ന കുശാല്‍ മെന്‍ഡിസിനെ (17) ആറാം ഓവറില്‍ സിറാജ് ബൗള്‍ഡാക്കി. 
ഏകദിന ക്രിക്കറ്റില്‍ ഒരോവറില്‍ നാലു വിക്കറ്റെടുക്കുന്ന നാലാമത്തെ ബൗളറാണ് സിറാജ്. ഏകദിന ക്രിക്കറ്റിലെ മികച്ച ബൗളിംഗ് റെക്കോര്‍ഡുമാണ് ഇത്. 1995 ലെ ഷാര്‍ജാ കപ്പില്‍ ഇന്ത്യക്കെതിരെ പാക്കിസ്ഥാന്റെ ആഖിബ് ജാവേദ് 19 റണ്‍സിന് അഞ്ചു വിക്കറ്റെടുത്തിരുന്നു.
 

Latest News