സിറാജ് സിക്‌സറില്‍  ശ്രീലങ്ക തകര്‍ന്നു

കൊളംബൊ - ഏഷ്യന്‍ കപ്പ് ഫൈനലില്‍ മുഹമ്മദ് സിറാജിന്റെ മാസ്മരിക ബൗളിംഗിന് മുന്നില്‍ ശ്രീലങ്ക തരിപ്പണമായി. 5.4 ഓവറില്‍ 12 റണ്‍സെടുക്കുമ്പോഴേക്കും ആറ് വിക്കറ്റ് നഷ്ടപ്പെട്ട ശ്രീലങ്കക്ക് 11.2 ഓവറില്‍ 33 റണ്‍സിലെത്തുമ്പോഴേക്കും ഏഴാം വിക്കറ്റ് നഷ്ടപ്പെട്ടു. സിറാജ് ആറു വിക്കറ്റ് നേടി (5.2-1-7-6). ഏഷ്യാ കപ്പില്‍ ആറു വിക്കറ്റെടുക്കുന്ന രണ്ടാമത്തെ ബൗളറാണ് സിറാജ്. 2008 ലെ ഏഷ്യാ കപ്പില്‍ ഇന്ത്യക്കെതിരെ അജന്ത മെന്‍ഡിസ് ആറു വിക്കറ്റെടുത്തിരുന്നു. 
കുശാല്‍ പെരേരയെ (0) മൂന്നാമത്തെ പന്തില്‍ ജസ്പ്രീത് ബുംറ വിക്കറ്റ് കീപ്പറുടെ കൈയിലെത്തിച്ച ശേഷമാണ് സിറാജ് കടിഞ്ഞാണേറ്റെടുത്തത്. തന്റെ രണ്ടാം ഓവറിലെ ആദ്യ പന്തില്‍ ഓപണര്‍ പത്തും നിസങ്കയെ (2) സിറാജ് പുറത്താക്കി. രവീന്ദ്ര ജദേജ ഡൈവ് ചെയ്തു പിടിച്ചു മൂന്നാമത്തെയും നാലാമത്തെയും പന്തില്‍ സദീര സമരവിക്രമയും (0) ചരിത അസലെങ്കയും (0) പുറത്തായി. സധീര വിക്കറ്റിന് മുന്നില്‍ കുടുങ്ങി. ചരിതയെ ഇശാന്‍ കിഷന്‍ പിടിച്ചു. ഹാട്രിക് പന്ത് ബൗണ്ടറി കടത്തി അതിജീവിച്ച ധനഞ്ജയ ഡിസില്‍വയെ (4) ആറാമത്തെ പന്തില്‍ വിക്കറ്റ്കീപ്പറുടെ കൈയിലെത്തിച്ചു. ക്യാപ്റ്റന്‍ ദസുന്‍ ഷാനകയെ (0) ബൗള്‍ഡാക്കിയാണ് സിറാജ് അഞ്ചു വിക്കറ്റ് തികച്ചത്. ഒരറ്റത്ത് ചെറുത്തുനിന്ന കുശാല്‍ മെന്‍ഡിസിനെ (17) ആറാം ഓവറില്‍ സിറാജ് ബൗള്‍ഡാക്കി. 
ഏകദിന ക്രിക്കറ്റില്‍ ഒരോവറില്‍ നാലു വിക്കറ്റെടുക്കുന്ന നാലാമത്തെ ബൗളറാണ് സിറാജ്. ഏകദിന ക്രിക്കറ്റിലെ മികച്ച ബൗളിംഗ് റെക്കോര്‍ഡുമാണ് ഇത്. 1995 ലെ ഷാര്‍ജാ കപ്പില്‍ ഇന്ത്യക്കെതിരെ പാക്കിസ്ഥാന്റെ ആഖിബ് ജാവേദ് 19 റണ്‍സിന് അഞ്ചു വിക്കറ്റെടുത്തിരുന്നു. 
 

Latest News