ബാഴ്‌സലോണ - കഴിഞ്ഞ മാസം ലോകകപ്പ് നേടിയ സ്‌പെയിനിന്റെ വനിതാ കളിക്കാര്‍ പുതിയ കോച്ചിന് കീഴില്‍ പരിശീലനം തുടരാന്‍ വിസമ്മതിക്കുന്നു. സ്ത്രീവിരുദ്ധ നിലപാടുകളുടെ പേരില്‍ കോച്ച് ജോര്‍ജെ വില്‍ദയെ ഈയിടെ പുറത്താക്കിയിരുന്നു. പുതിയ കോച്ചായി മോണ്ട്‌സെ ടോമിനെ നിയമിക്കുകയും ചെയ്തു. ബഹിഷ്‌കരിക്കുന്ന താരങ്ങളെ അനുനയിപ്പിക്കണോ അതോ പുതിയ കളിക്കാരുമായി ടീം പ്രഖ്യാപിക്കണമോയെന്ന ആശയക്കുഴപ്പത്തിലാണ് അവര്‍. നാഷന്‍സ് ലീഗില്‍ ഈ മാസം 22 നും 26 നും സ്‌പെയിനിന് മത്സരമുണ്ട്.
ലോകകപ്പ് നേടിയത് സ്‌പെയിനിന് ഇതുവരെ ആഘോഷിക്കാനായിട്ടില്ല. സമ്മാനദാനച്ചടങ്ങില്‍ ഫെഡറേഷന്‍ പ്രസിഡന്റ് ചുംബന വിവാദത്തില്‍ പെട്ടതു മുതല്‍ പ്രശ്‌നങ്ങള്‍ ടീമിനെ വിടാതെ പിന്തുടരുകയാണ്. ആദ്യം പ്രസിഡന്റും പിന്നാലെ ലോകകപ്പ് നേടിയ കോച്ചും പുറത്തായി. കൂടുതല്‍ നടപടികള്‍ വേണമെന്ന നിലപാടിലാണ് കളിക്കാരികള്‍. എന്താണ് ആവശ്യപ്പെടുന്ന നടപടികള്‍ എന്നതിനെക്കുറിച്ച് വ്യക്തതയില്ല. കഴിഞ്ഞ വര്‍ഷം വില്‍ദക്കെതിരെ 15 കളിക്കാരികള്‍ ഇതുപോലെ സമരം ചെയ്തിരുന്നു. അവരില്‍ മൂന്നു പേരെ മാത്രമേ വില്‍ദ ലോകകപ്പ് ടീമിലെടുത്തുള്ളൂ.