അവസാന ഡേവിസ് കപ്പ് മത്സരത്തിനൊരുങ്ങി രോഹന്‍ ബൊപ്പണ്ണ

ലഖ്‌നൗ - മൊറോക്കോക്കെതിരെ ശനിയാഴ്ചയാരംഭിക്കുന്ന ഡേവിസ് കപ്പ് ടെന്നിസ് മത്സരത്തോടെ രോഹന്‍ ബൊപ്പണ്ണ ഇന്ത്യന്‍ ടീമിനോട് ബൈ പറയുന്നു. നാല്‍പത്തിമൂന്നുകാരനെ അഖിലേന്ത്യാ ടെന്നിസ് അസോസിയേഷന്‍ ആദരിച്ചു. ഇന്നും നാളെയുമായി ലഖ്‌നൗയിലെ വിജയ്ഖണ്ഡ് മിനി സ്‌റ്റേഡിയത്തിലാണ് ഡേവിസ് കപ്പ് ലോക ഗ്രൂപ്പ് രണ്ട് മത്സരം. അഖിലേന്ത്യാ ടെന്നിസ് അസോസിയേഷന്‍ പ്രസിഡന്റ് അനില്‍ ജയ്ന്‍, ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് രാജ്പാല്‍ തുടങ്ങിയവരും മൊറോക്കൊ കളിക്കാരും ചടങ്ങില്‍ പങ്കെടുത്തു. 
ലോക ഡബ്ള്‍സ് റാങ്കിംഗില്‍ ഏഴാം സ്ഥാനക്കാരനായ ബൊപ്പണ്ണ കഴിഞ്ഞയാഴ്ച യു.എസ് ഓപണ്‍ ഡബ്ള്‍സ് ഫൈനലിലെത്തി ചരിത്രം സൃഷ്ടിച്ചിരുന്നു. ഗ്രാന്റ്സ്ലാം ഫൈനലിലെത്തുന്ന പ്രായമേറിയ കളിക്കാരനായി നാല്‍പത്തിമൂന്നുകാരന്‍. 2006 ല്‍ ഗ്രാന്റ്സ്ലാമില്‍ അരങ്ങേറിയ ബൊപ്പണ്ണ 2017 ലെ ഫ്രഞ്ച് ഓപണില്‍ ഗബ്രിയേല ദബ്രോവ്‌സ്‌കിക്കൊപ്പം മിക്‌സഡ് ഡബ്ള്‍സ് കിരീടം നേടിയിരുന്നു. ലിയാന്‍ഡര്‍ പെയ്‌സ്, മഹേഷ് ഭൂപതി, സാനിയ മിര്‍സ എന്നിവര്‍ മാത്രമാണ് ഗ്രാന്റ്സ്ലാം നേടിയ മറ്റ് ഇന്ത്യന്‍ കളിക്കാര്‍.  ഈ വര്‍ഷം സാനിയ മിര്‍സക്കൊപ്പം ഓസ്‌ട്രേലിയന്‍ ഓപണിലും ബൊപ്പണ്ണ ഫൈനലിലെത്തിയിരുന്നു. 
മൊറോക്കോക്കെതിരെ ഇന്ന് ആദ്യ സിംഗിള്‍സില്‍ ശശികുമാര്‍ മുകുന്ദാണ് ഇറങ്ങുക, യാസിന്‍ ദലീമിയായിരിക്കും എതിരാളി. രണ്ടാം സിംഗിള്‍സില്‍ സുമിത് നഗാലും ആദം മുന്ദിറും ഏറ്റുമുട്ടും. ബൊപ്പണ്ണക്കൊപ്പം യുകി ഭാംബ്രിയാണ് ഡബ്ള്‍സ് കളിക്കുക. 

Latest News