മ്യൂണിക് - അടുത്ത യൂറോ കപ്പ് ഫുട്ബോളിന്റെ ആതിഥേയരായ ജര്‍മനി പുതിയ കോച്ച് റൂഡി വൊള്ളറുടെ കീഴില്‍ വിജയവഴിയില്‍ തിരിച്ചെത്തി. കഴിഞ്ഞയാഴ്ച ജപ്പാനോട് 1-4 ന് തോറ്റതോടെ കോച്ച് ഹാന്‍സി ഫഌക്കിനെ അവര്‍ പുറത്താക്കിയിരുന്നു. വൊള്ളറുടെ കീഴില്‍ നടന്ന ആദ്യ കളിയില്‍ നിലവിലെ ലോകകപ്പ് റണ്ണേഴ്സ്അപ് ഫ്രാന്‍സിനെ അവര്‍ സൗഹൃദ മത്സരത്തില്‍ 2-1 ന് തോല്പിച്ചു. കീലിയന്‍ എംബാപ്പെയുള്‍പ്പെടെ പ്രമുഖ കളിക്കാരെ ഫ്രാന്‍സ് പുറത്തിരുത്തിയെങ്കിലും ജര്‍മനിയുടെ പ്രകടനം ഏറെ മെച്ചപ്പെട്ടതായിരുന്നു. തുടക്കം മുതല്‍ ടീം ആക്രമിച്ചു.
തുടക്കത്തില്‍ തോമസ് മുള്ളറും ഒടുക്കം ലിറോയ് സാനെയും ഗോളടിച്ചു. അവസാന ആറു കളികളില്‍ ജര്‍മനിയുടെ ആദ്യ ജയമാണ് ഇത്. റന്‍ഡാല്‍ കോളൊ മുവാനി, ഒറേലിയന്‍ ചൂമേനി എന്നിവരിലൂടെ ഫ്രാന്‍സ് തിരിച്ചടിക്കുകയും ജര്‍മനിയെ വിറപ്പിക്കുകയും ചെയ്തു. എന്നാല്‍ 89ാം മിനിറ്റിലാണ് അവര്‍ക്ക് ഗോളടിക്കാനായത്. മാര്‍ക്കസ് തുറാമിനെ സാനെ ബോക്സില്‍ വീഴ്ത്തിയതിന് കിട്ടിയ പെനാല്‍ട്ടി ആന്റോയ്ന്‍ ഗ്രീസ്മാന് സ്കോര്‍ ചെയ്തു.






