കൊളംബൊ -ഏകദിന ക്രിക്കറ്റില്‍ 10,000 റണ്‍സെടുത്ത ബാറ്റര്‍മാരുടെ പട്ടികയില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ സ്ഥാനം നേടി. ശ്രീലങ്കക്കെതിരായ ഏഷ്യാ കപ്പ് സൂപ്പര്‍ ഫോര്‍ മത്സരത്തില്‍ കസുന്‍ രജിതയെ സിക്സറിനുയര്‍ത്തി 23 ലെത്തിയപ്പോഴാണ് രോഹിത് പതിനായിരം തികച്ചത്. 10,000 റണ്‍സ് ക്ലബ്ബിലുള്ള 15 പേരില്‍ ഈ നാഴികക്കല്ല് ഏറ്റവും വേഗത്തില്‍ തികച്ചവരില്‍ രണ്ടാം സ്ഥാനത്താണ് രോഹിത്. രോഹിതിന് 241 ഇന്നിംഗ്സ് വേണ്ടി വന്നു. 18 ഇന്നിംഗ്സ് 205 ഇന്നിംഗ്സില്‍ പതിനായിരത്തിലെത്തിയിരുന്നു. സചിന് ടെണ്ടുല്‍ക്കര്‍ക്ക് 259 ഇന്നിംഗ്സ് വേണ്ടിവന്നിരുന്നു. സൗരവ് ഗാംഗുലിക്ക് 263 ഇന്നിംഗ്സും.
രോഹിതിന്റെ തുടക്കം വളരെ മോശമായിരുന്നു. 80 മത്സരം കളിച്ചിട്ടും രണ്ടായിരം റണ്‍സ് പോലുമെത്തിയിരുന്നില്ല. 2013 ല്‍ ഓപണറായി വന്നതോടെയാണ് രോഹിത് അടിമുടി മാറിയത്. തുടര്‍ന്നുള്ള നാലു വര്‍ഷം 66 ഇന്നിംഗ്സില്‍ എട്ട് സെഞ്ചുറിയുള്‍പ്പെടെ 3153 റണ്‍സടിച്ചു. രണ്ടെണ്ണം ഇരട്ട സെഞ്ചുറിയായിരുന്നു. 2014 ല്‍ ശ്രീലങ്കക്കെതിരെ ലോക റെക്കോര്‍ഡായ 264 റണ്‍സ് നേടി.
തുടര്‍ന്നുള്ള നാലു വര്‍ഷം 70 ഇന്നിംഗ്സിനിടെ 19 സെഞ്ചുറികളുള്‍പ്പെടെ നാലായിരത്തോളം റണ്‍സടിച്ചു. 2021 നു ശേഷം രോഹിതിന്റെ ബാറ്റിംഗ് ശരാശരി കുറഞ്ഞെങ്കിലും സ്ട്രൈക്ക് റെയ്റ്റ് കുത്തനെയുയര്‍ന്നു.
50 ഇന്നിംഗ്സെങ്കിലും കളിച്ച ഓപണര്‍മാരില്‍ പാക്കിസ്ഥാന്റെ ഇമാമുല്‍ ഹഖിനും രോഹിതിനും മാത്രമേ അമ്പതിലേറെ ശരാശരിയുള്ളൂ. രോഹിതിന്റെ 28 സെഞ്ചുറികളില്‍ എട്ടും 150 നു മുകളിലാണ്. 30 കഴിഞ്ഞ ശേഷമാണ് രോഹിത് ബാറ്റിംഗിനെ പുതിയ തലത്തിലേക്കുയര്‍ത്തിയത്.