കൊളംബോയില്‍ വെയില്‍, ഇശാനും രാഹുലും ടീമില്‍ 

കൊളംബൊ - ഏഷ്യാ കപ്പ് ക്രിക്കറ്റിന്റെ സൂപ്പര്‍ ഫോറില്‍ ഇന്ത്യ-പാക്കിസ്ഥാന്‍ പോരാട്ടത്തിന് കളമൊരുങ്ങി. കൊളംബോയില്‍ മഴ മാറിനില്‍ക്കുകയാണ്. തെളിഞ്ഞ കാലാവസ്ഥയിലാണ് ക്യാപ്്റ്റന്മാരായ രോഹിത് ശര്‍മയും ബാബര്‍ അസമും ടോസിന് ഇറങ്ങിയത്. ടോസ് നേടിയ പാക്കിസ്ഥാന്‍ ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു. 
നാലംഗ പെയ്‌സ്പടയുമായാണ് പാക്കിസ്ഥാന്‍ കളിക്കുന്നത്. വിക്കറ്റ്കീപ്പര്‍മാരായ ഇശാന്‍ കിഷനും കെ.എല്‍ രാഹുലും ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിലുണ്ട്. ശ്രേയസ് അയ്യരാണ് രാഹുലിന് വേണ്ടി സ്ഥാനമൊഴിഞ്ഞു കൊടുത്തത്. ഇശാന്‍ കഴിഞ്ഞ നാല് ഏകദിനങ്ങളിലും അര്‍ധ ശതകം നേടിയിരുന്നു. ശ്രേയസിന് പുറംവേദനയാണെന്നാണ് റിപ്പോര്‍ട്ട്. രാഹുല്‍ അവസാന നിമിഷമാണ് പ്ലേയിംഗ് ഇലവനില്‍ സ്ഥാനം പിടിച്ചത്. ജസ്പ്രീത് ബുംറ തിരിച്ചെത്തി. മുഹമ്മദ് ഷമിക്കാണ് സ്ഥാനം നഷ്ടപ്പെട്ടത്. 

മേയില്‍ ഐ.പി.എല്ലിന്റെ തുടക്കത്തിലാണ് അവസനമായി ഒരു മത്സരം കളിച്ചതെങ്കിലും രാഹുലിനെ വിക്കറ്റ്കീപ്പര്‍ ബാറ്ററായി ലോകകപ്പ് ടീമിലുള്‍പ്പെടുത്തിയിട്ടുണ്ട്. രാഹുലിന് ഫോമും ഫിറ്റ്‌നസും തെളിയിക്കാനുള്ള അവസരമാണ് ഇത്. ഇശാന്‍ കിഷന്‍ ബാറ്റിംഗിനിറങ്ങിയ കഴിഞ്ഞ നാല് കളികളിലും അര്‍ധ ശതകം നേടി അവസരത്തിനായി കാത്തുനില്‍ക്കുന്നുണ്ട്. റിസര്‍വ് നിരയില്‍ മലയാളി താരം സഞ്ജു സാംസണുമുണ്ട്. രാഹുല്‍ അവസാനം ഏകദിനം കളിച്ചത് മാര്‍ച്ചിലാണ്. ജസ്പ്രീത് ബുംറക്കും മത്സര ഫിറ്റ്‌നസ് തെളിയിക്കാനുള്ള അവസരമാണ് ഇത്. 
ഗ്രൂപ്പ് മത്സരത്തില്‍ പാക്കിസ്ഥാന്‍ പെയ്‌സര്‍മാര്‍ ഇന്ത്യന്‍ മുന്‍നിരയെ വിറപ്പിച്ചിരുന്നു. ഇശാനും ഹാര്‍ദിക് പാണ്ഡ്യയുമാണ് പൊരുതാനുള്ള സ്‌കോര്‍ സമ്മാനിച്ചത്. പാക് പെയ്‌സര്‍മാരും ഇന്ത്യന്‍ ബാറ്റര്‍മാരും തമ്മിലുള്ള മറ്റൊരു പൊരിഞ്ഞ പോരാട്ടത്തിന് മഴ അനുവദിക്കുമോയെന്നാണ് ആരാധകരുടെ ചോദ്യം. പാക് പെയ്‌സര്‍മാരായ ശാഹീന്‍ ഷാ അഫ്‌രീദിയും നസീം ഷായും ഹാരിസ് റഊഫും ടൂര്‍ണമെന്റില്‍ ഇതുവരെ 23 വിക്കറ്റ് നേടി. ശാഹീനെ നേരിടാന്‍ ഇന്ത്യന്‍ ബാറ്റര്‍മാര്‍ പ്രത്യേകം പരിശീലനം നടത്തി. 
സൂപ്പര്‍ ഫോറിലെ ആദ്യ മത്സരത്തില്‍ ബംഗ്ലാദേശിനെ പാക്കിസ്ഥാന്‍ തോല്‍പിച്ചിരുന്നു. ഇന്ത്യയെ കീഴടക്കിയാല്‍ അവര്‍ ഫൈനല്‍ ഏതാണ്ടുറപ്പിക്കും. 

Latest News