പാരിസ് - ബാഴ്‌സലോണ അക്കാദമിയിലൂടെ വളര്‍ന്നുവന്ന പതിനാറുകാരനായ മൊറോക്കൊ വംശജന്‍ ലാമിന്‍ യമാല്‍ സ്‌പെയിനിനു വേണ്ടി സ്വപ്‌ന അരങ്ങേറ്റം നടത്തിയ യൂറോ കപ്പ് ഫുട്‌ബോള്‍ യോഗ്യതാ മത്സരത്തില്‍ ലാ റോഹ 7-1 ന് ജോര്‍ജിയയെ തകര്‍ത്തു. സ്‌പെയിനിനു വേണ്ടി കളിക്കുന്ന പ്രായം കുറഞ്ഞ കളിക്കാരനും ഗോള്‍സ്‌കോററുമായി 16 വയസ്സും 57 ദിവസവും പ്രായമുള്ള യമാല്‍. ആദ്യ കളിയില്‍ സ്‌പെയിനിനെ അട്ടിമറിച്ച സ്‌കോട്‌ലന്റ് 3-0 ന് സൈപ്രസിനെയും കീഴടക്കി. ബ്രൂണൊ ഫെര്‍ണാണ്ടസിന്റെ ഗോളില്‍ സ്ലൊവാക്യയെ കീഴടക്കാന്‍ പോര്‍ചുഗലിന് പ്രയാസപ്പെടേണ്ടി വന്നു. അഞ്ചു കളിയില്‍ പോര്‍ചുഗലിന്റെ അഞ്ചാം ജയമാണ് ഇത്. മുപ്പത്തെട്ടുകാരനായ ക്രിസ്റ്റ്യാനൊ റൊണാള്‍ഡൊ 201ാം തവണ പോര്‍ചുഗല്‍ ജഴ്‌സിയിട്ടു.
സ്പാനിഷ് വനിതാ ടീം ലോക ചാമ്പ്യന്മാരായ ശേഷമുണ്ടായ ചുംബന വിവാദം അവരുടെ ഫുട്‌ബോളില്‍ നിരാശയുടെ കരിനിഴല്‍ പരത്തിയിരുന്നു. യമാലിന്റെ പ്രകടനവും 7-1 വിജയവും ആഹ്ലാദം തിരിച്ചുകൊണ്ടുവരുന്നതായി. സ്‌പെയിന്‍ യൂറോ ഫൈനല്‍ റൗണ്ട് പ്രതീക്ഷ വീണ്ടെടുക്കുകയും ചെയ്തു. ഗ്രൂപ്പില്‍ നാലാം സ്ഥാനത്തു നിന്ന് അവര്‍ രണ്ടാമതെത്തി. യമാലിന്റെ മിന്നുന്ന പ്രകടനത്തിനു മുന്നില്‍ ആല്‍വരൊ മൊറാറ്റയുടെ ഹാട്രിക് നിറംകെട്ടു. 43ാം മിനിറ്റില്‍ മാര്‍ക്കൊ അസന്‍സിയോക്ക് പകരമാണ് യമാല്‍ കളത്തിലിറങ്ങിയത്. 74ാം മിനിറ്റില്‍ സ്‌കോര്‍ ചെയ്തു.
ക്രൊയേഷ്യ 5-0 ന് ലാത്വിയയെ തകര്‍ത്തു. ലക്‌സംബര്‍ഗ് 3-1 ന് ഐസ്‌ലന്റിനെ അട്ടിമറിച്ചു. ബോസ്‌നിയ ഹെര്‍ഗഗോവീന 2-1 ന് ലെക്റ്റന്‍സ്‌റ്റെയ്‌നെ തോല്‍പിച്ചു.