ന്യൂയോര്‍ക്ക് - യു.എസ് ഓപണില്‍ കിരീടം നേടുന്ന പ്രായമേറിയ കളിക്കാരനാവാമെന്ന രോഹന്‍ ബൊപ്പണ്ണയുടെ മോഹം പൊലിഞ്ഞു. ഫഌഷിംഗ് മെഡോയില്‍ പതിനൊന്നാം കിരീടമെന്ന ഇന്ത്യയുടെ സ്വപ്‌നവും തകര്‍ന്നു. ബൊപ്പണ്ണ-മാത്യു എബ്ദന്‍ (ഓസ്‌ട്രേലിയ) സഖ്യം ആദ്യ സെറ്റ് നേടിയ ശേഷം മൂന്നാം സീഡ് രാജീവ് റാം (അമേരിക്ക)-ജോ സാലിസ്ബറി (ബ്രിട്ടന്‍) കൂട്ടുകെട്ടിനോട് പുരുഷ ഡബ്ള്‍സ് ഫൈനലില് തോറ്റു. തുടര്‍ച്ചയായ മൂന്നാം വര്‍ഷമാണ് രാജീവ്-സാലിസ്ബറി കൂട്ടുകെട്ട് ചാമ്പ്യന്മാരാവുന്നത് (2-6, 6-3, 6-4).
നാല്‍പത്തിമൂന്നര വയസ്സുള്ള ബൊപ്പണ്ണ ഗ്രാന്റ്സ്ലാമുകളുടെ ഡബ്ള്‍സ് ഫൈനലിലെത്തുന്ന പ്രായമേറിയ കളിക്കാരനായിരുന്നു. ഫ്രഞ്ച് ജോഡി നിക്കൊളാസ് മാഹുട്-പിയറി ഹ്യൂസ് ഹെര്‍ബര്‍ട് ജോഡിയെ അവര്‍ നേരിട്ടുള്ള സെറ്റുകളില്‍ അവര്‍ സെമിയില്‍ പരാജയപ്പെടുത്തി. സ്‌കോര്‍; 7-6 (7-3), 6-2.
2016 ലെ ഓസ്‌ട്രേലിയന്‍ ഓപണില്‍ 43 വയസ്സും നാലു മാസവുമുള്ളപ്പോള്‍ ഫൈനലിലെത്തിയ കാനഡയുടെ ഡാനിയേല്‍ നെസ്റ്ററിന്റെ പേരിലായിരുന്നു നിലവിലെ റെക്കോര്‍ഡ്. ചെക് റിപ്പബ്ലിക്കിന്റെ റാഡെക് സ്റ്റെപാനെക്കിന്റെ കൂടെയാണ് നെസ്റ്റര്‍ ഫൈനലിലെത്തിയത്.
13 വര്‍ഷത്തിനു ശേഷമാണ് ബൊപ്പണ്ണ പുരുഷ ഡബ്ള്‍സില്‍ ഗ്രാന്റ്സ്ലാം ഫൈനലിലെത്തുന്നത്. ആദ്യ ഫൈനല്‍ പാക്കിസ്ഥാന്റെ അയ്‌സാമുല്‍ ഹഖ് ഖുറൈശിയുമൊത്ത് 2010 ലെ യു.എസ് ഓപണ്‍ ഫൈനലിലായിരുന്നു. മൈക് ബ്രയാന്‍-ബോബ് ബ്രയാന്‍ ഇരട്ടകളോട് അവര്‍ തോറ്റു. 2017 ലെ ഫ്രഞ്ച് ഓപണില്‍ കാനഡയുടെ ഗബ്രിയേല ദബ്രോവ്‌സ്‌കിക്കൊപ്പം മിക്‌സഡ് ഡബ്ള്‍സില്‍ കിരീടം നേടിയിട്ടുണ്ട്. എബ്ദന്‍ പുരുഷ ഡബ്ള്‍സില്‍ നേരത്തെ യു.എസ് ഓപണ്‍ നേടിയിരുന്നു.
യു.എസ് ഓപണ്‍ ഇന്ത്യന്‍ താരങ്ങള്‍ 10 കിരീടങ്ങള്‍ നേടിയിട്ടുണ്ട്. മഹേഷ് ഭൂപതി-അയ് സുഗിയാമ, ജപ്പാന്‍ (1999), ഭൂപതി-മാക്‌സ് മിര്‍ണി, ബെലാറൂസ് (2002), ഭൂപതി-ഡാനിയേല ഹന്റുകോവ, സ്ലൊവാക്യ (2005), ലിയാന്‍ഡര്‍ പെയ്‌സ്-മാര്‍ടിന്‍ ദാം (2006), പെയ്‌സ്-കാര ബ്ലാക്ക്, സിംബാബ്‌വെ (2008), പെയ്‌സ്-ലുക്കാസ് ദ്‌ലൗഹി (2009), പെയ്‌സ്-റാഡെക് സ്റ്റെപാനെക് (2013), സാനിയ മിര്‍സ-ബ്രൂണൊ സോറസ് (2014), സാനിയ-മാര്‍ടിന ഹിന്‍ഗിസ് (2015), പെയ്‌സ്-ഹിന്‍ഗിസ് (2015).