ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ ടെസ്റ്റ് ക്രിക്കറ്റ് പരമ്പര ആരംഭിക്കാനിരിക്കെ എല്ലാവരുടെയും ചോദ്യം അതാണ്, എന്തുപറ്റി ചേതേശ്വര്‍ പൂജാരക്ക്? ഈ പരമ്പരക്കായി ഏറ്റവും ഒരുങ്ങേണ്ട കളിക്കാരനാണ് പൂജാര. കഴിഞ്ഞ രണ്ടു സീസണിലായി ഈ പരമ്പരക്കു വേണ്ടി ഇംഗ്ലിഷ് കൗണ്ടിയില്‍ കളിക്കുന്നു. ഐ.പി.എല്ലിന്റെ ബഹളമൊന്നും പൂജാരയെ ബാധിച്ചില്ല. ട്വന്റി20 ക്കാര്‍ക്കൊന്നും പൂജാരയെ വേണ്ടായിരുന്നു. എന്നിട്ടും ഒട്ടും ഫോമിലല്ലാതെയാണ് പൂജാര ടെസ്റ്റ് പരമ്പരക്കൊരുങ്ങുന്നത്. കൗണ്ടിയില്‍ യോര്‍ക്ഷയറിനായി അധികം റണ്‍സ് നേടിയിട്ടില്ലെന്നതു പോവട്ടെ എല്ലാ രീതിയിലും പൂജാര ഔട്ടായി. സാങ്കേതികത്തികവുള്ള ഒരു ബാറ്റ്‌സ്മാനെ സംബന്ധിച്ചിടത്തോളം റണ്‍സ് നേടുന്നില്ലെന്നതിനെക്കാളേറെ വലിയ പരാജയമാണ് അത്.
എന്നാല്‍ പൂജാരയുടേത് നിര്‍ഭാഗ്യം മാത്രമാണെന്നും സാങ്കേതികമായി പിഴവുകളൊന്നുമില്ലെന്നും യോര്‍ക്ഷയര്‍ കോച്ച് മാര്‍ടിന്‍ മോക്‌സന്‍ കരുതുന്നു. പൂജാര കളിക്കുന്ന സമയത്ത് തണുത്ത കാലാവസ്ഥയായിരുന്നു. പന്ത് നന്നായി ചലിച്ചിരുന്നു. മിക്ക ബാറ്റ്‌സ്മാന്മാരും റണ്‍സ് കണ്ടെത്താന്‍ പ്രയാസപ്പെട്ടു. കൂടാതെ ഏതാനും എല്‍.ബി തീരുമാനങ്ങള്‍ എതിരായി. പലതവണ റണ്ണൗട്ടായി. ഇതൊക്കെ കാരണം താളം കണ്ടെത്താനായില്ല. വളരെയധികം അധ്വാനിക്കുന്ന യഥാര്‍ഥ പ്രൊഫഷനല്‍ കളിക്കാരനാണ് പൂജാര എന്ന് മോക്‌സന്‍ പ്രശംസിക്കുന്നു.
ടെസ്റ്റ് പരമ്പരയില്‍ എന്തായിരിക്കും പൂജാരയുടെ ഗതി? പൂജാര കൗണ്ടി വിട്ട ശേഷം ഇംഗ്ലണ്ടില്‍ ചൂടുകാറ്റ് ആഞ്ഞുവീശുകയാണ്. പിച്ചുകളില്‍ ഈര്‍പ്പമില്ല. അതിനാല്‍ പന്ത് വശങ്ങളിലേക്ക് ചലിക്കാനുള്ള സാധ്യത കുറവാണ്. അതിനാല്‍ പൂജാരക്ക് ബാറ്റിംഗ് എളുപ്പമായിരിക്കുമെന്നാണ് മോക്‌സന്‍ കരുതുന്നത്.