ന്യൂകാസില്‍ - ഇറ്റലിക്ക് യൂറോ കപ്പ് നേടിക്കൊടുത്ത റോബര്‍ടൊ മാഞ്ചീനി സൗദി അറേബ്യയുടെ കോച്ചായി അരങ്ങേറിയ മത്സരത്തില്‍ കോസ്റ്ററീക്കയോട് 2-3 ന് ടീം തോറ്റു. സൗദി ഉടമസ്ഥതയിലുള്ള ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബ് ന്യൂകാസിലിന്റെ ഗ്രൗണ്ടിലായിരുന്നു കളി. അടുത്ത ദിവസം യുര്‍ഗന്‍ ക്ലിന്‍സ്മാന്‍ പരിശീലിപ്പിക്കുന്ന തെക്കന്‍ കൊറിയയുമായും സൗദി കളിക്കും. ഏഷ്യന്‍ കപ്പിനൊരുങ്ങുകയാണ് സൗദി. ലോകകപ്പിന് ശേഷം പരിക്കുമായി വിട്ടുനില്‍ക്കുകയായിരുന്ന മുന്‍ റയല്‍ മഡ്രീഡ് ഗോളി കയ്‌ലോര്‍ നവാസ് കോസ്റ്ററീക്ക ക്യാപ്റ്റനായി തിരിച്ചെത്തി.
പന്ത്രണ്ടാം മിനിറ്റില്‍ ഡിഫന്റര്‍ ഫ്രാന്‍സിസ്‌കൊ കാല്‍വോയുടെ ഹെഡറിലൂടെയാണ് കോസ്റ്ററീക്ക ലീഡ് നേടിയത്. അര മണിക്കൂര്‍ പിന്നിട്ടതോടെ മാന്‍ഫ്രെഡ് ഉഗാല്‍ദെ വീണ്ടും സ്‌കോര്‍ ചെയ്തു. ഹെഡറിലൂടെയായിരുന്നു ഈ ഗോളും.
അറുപത്തെട്ടാം മിനിറ്റില്‍ ഫിറാസ് അല്‍ബുറൈഖാന്റെ ക്രോസ് ഹെഡ് ചെയ്ത് അലി അല്‍ബുലൈഹി സൗദിയുടെ തിരിച്ചുവരവിന് വഴിയൊരുക്കി. സമനില ഗോളിനായി സൗദി പൊരുതുന്നതിനിടെ 89ാം മിനിറ്റില്‍ റന്‍ഡാല്‍ ലീല്‍ കോസ്റ്ററീക്കയുടെ വിജയമുറപ്പിച്ചു.