ബ്യൂണസ്‌ഐറിസ് - ലോകകപ്പ് ഫുട്‌ബോളിന്റെ യോഗ്യതാ റൗണ്ടില്‍ നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീനയും ലിയണല്‍ മെസ്സിയും വിജയത്തോടെ തുടങ്ങി. ഇക്വഡോറിനെതിരായ മത്സരത്തില്‍ കഷ്ടിച്ച് 1-0 വിജയത്തോടെ അവര്‍ രക്ഷപ്പെടുകയായിരുന്നു. എഴുപത്തെട്ടാം മിനിറ്റില്‍ ലഭിച്ച ഫ്രീകിക്ക് മെസ്സി നേരെ വലയിലേക്ക് പായിക്കുകയായിരുന്നു. അര്‍ജന്റീനക്കു വേണ്ടി 167 മത്സരങ്ങളില്‍ മെസ്സിയുടെ 104ാം ഗോളാണ് ഇത്. ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ ഇരുപത്തൊമ്പതാമത്തെ ഗോളാണ്. ഇതോടെ ഉറുഗ്വായുടെ ലൂയിസ് സോറസിന്റെ റെക്കോര്‍ഡിനൊപ്പമെത്തി. അര്‍ജന്റീന ഷൂട്ടൗട്ടില്‍ ഫ്രാന്‍സിനെ തോല്‍പിച്ച് കിരീടം നേടിയ കഴിഞ്ഞ ലോകകപ്പില്‍ ഒരു മത്സരത്തിലൊഴികെ എല്ലാത്തിലും മുപ്പത്തെട്ടുകാരന്‍ ഗോളടിച്ചിരുന്നു.
ഇരു ടീമുകളും ഒപ്പത്തിനൊപ്പം പോരാടിയ മത്സരത്തില്‍ മെസ്സിയുടെ ഗോളാണ് അവരെ വേര്‍തിരിച്ചത്. 83,000 പേര്‍ക്കിരിക്കാവുന്ന റിവര്‍പ്ലേറ്റ് സ്റ്റേഡിയത്തിലെ തിങ്ങിനിറഞ്ഞ ജനക്കൂട്ടം ആശങ്കപ്പെടാന്‍ തുടങ്ങിയ സമയത്താണ് മെസ്സിയുടെ ഗോള്‍ പിറന്നത്. മത്സരത്തില്‍ പലതവണ അര്‍ജന്റീനയുടെ ഷോട്ട് പോസ്റ്റിനും ബാറിനും തട്ടിത്തെറിച്ചു. പ്രതിരോധനിരയില്‍ അഞ്ചു പേരെ കളിപ്പിച്ച ഇക്വഡോര്‍ ആതിഥേയര മുന്‍നിരക്ക് യാതൊരു പഴുതും അനുവദിച്ചില്ല. മെസ്സിയെ മോയ്‌സസ് സായ്‌സീദൊ കത്രികപ്പൂട്ടില്‍ നിര്‍ത്തി. ലോകകപ്പ് ഫൈനലില്‍ നിന്ന് വ്യത്യസ്തമായ ഫോര്‍മേഷനിലാണ് കോച്ച് ലിയണല്‍ സ്‌കാലോണി ടീമിനെ ഇറക്കിയത്. എയിംഗല്‍ ഡി മരിയയെ ബെഞ്ചിലിരുത്തി പകരം നിക്കൊളാസ് ഗോണ്‍സാലസിനെ കളിപ്പിച്ചു. യൂലിയന്‍ അല്‍വരേസിനു പകരം സെന്റര്‍ ഫോര്‍വേഡായി ലൗതാരൊ മാര്‍ടിനേസ് ഇറങ്ങി. രണ്ടാം പകുതിയില്‍ ഡി മരിയ വന്നെങ്കിലും അര്‍ജന്റീനക്ക് താളം കണ്ടെത്താനായില്ല. സ്‌കാലോണി അര്‍ജന്റീന കോച്ചിംഗില്‍ വ്യാഴാഴ്ച അഞ്ചു വര്‍ഷം തികച്ചു. ഇതുവരെ സ്‌കാലോണിയുടെ കീഴില്‍ അര്‍ജന്റീന ലോകകപ്പ് യോഗ്യതാ മത്സരം തോറ്റിട്ടില്ല.
13 ന് ബൊളീവിയയുമായാണ് അര്‍ജന്റീനയുടെ അടുത്ത മത്സരം. ബൊളീവിയ അതേ ദിവസം ഉറുഗ്വായുമായി ഏറ്റുമുട്ടും.
പത്തു പേരായിച്ചുരുങ്ങിയ പെറു എവേ മത്സരത്തില്‍ പാരഗ്വായുമായി ഗോള്‍രഹിത സമനില പാലിച്ചു. കൊളംബിയ 1-0 ന് വെനിസ്വേലയെ കീഴടക്കി.