തകര്‍പ്പന്‍ ജയത്തോടെ  പാക്കിസ്ഥാന്‍ ലാഹോര്‍ വിട്ടു

ലാഹോര്‍ - പെയ്‌സ്ബൗളര്‍മാരും മുന്‍നിര ബാറ്റര്‍മാരും മിന്നുന്ന പ്രകടനം കാഴ്ചവെച്ചതോടെ ഏഷ്യാ കപ്പ്് ക്രിക്കറ്റിന്റെ ആദ്യ സൂപ്പര്‍ ഫോര്‍ മത്സരത്തില്‍ പാക്കിസ്ഥാന്‍ ഏഴു വിക്കറ്റിന് ബംഗ്ലാദേശിനെ തകര്‍ത്തു. ടൂര്‍ണമെന്റില്‍ പാക്കിസ്ഥാന്റെ അവസാന മത്സരമാണ് ഇത്. ഒന്നാന്തരം പെയ്‌സ്ബൗളിംഗിലൂടെ ബംഗ്ലാദേശിനെ 38.4 ഓവറില്‍ 193 ന് പുറത്താക്കിയ പാക്കിസ്ഥാന്‍ 10.3 ഓവര്‍ ശേഷിക്കെ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ ജയിച്ചു. ടൂര്‍ണമെന്റില്‍ പാക്കിസ്ഥാനിലെ അവസാന മത്സരമാണ് ഇത്.  
പെയ്‌സ്ബൗളര്‍മാരായ ഹാരിസ് റഊഫും (6-0-19-4) നസീം ഷായും (5.4-0-34-3) ശാഹീന്‍ ഷാ അഫരീദിയും (7-1-42-1) ചേര്‍ന്നാണ് ബംഗ്ലാദേശിനെ ചുരുട്ടിക്കെട്ടിയത്. പലതവണ ജീവന്‍ കിട്ടിയ ഓപണര്‍ ഇമാമുല്‍ ഹഖാണ് (78) നാല് സിക്‌സറും അഞ്ച് ബൗണ്ടറിയുമായി പാക്കിസ്ഥാന്റെ മറുപടിക്ക് ചുക്കാന്‍ പിടിച്ചത്. ഏഴ് ബൗണ്ടറിയും ഒരു സിക്‌സറുമായി മുഹമ്മദ് രിസ്‌വാന്‍ (63 നോട്ടൗട്ട്) പിന്തുണ നല്‍കി. ഓപണര്‍ ഫഖര്‍ സമാനും (20) ക്യാപ്റ്റന്‍ ബാബര്‍ അസമും (12) എളുപ്പം പുറത്തായിരുന്നു. 
ബംഗ്ലാദേശ് ബാറ്റിംഗില്‍ ക്യാപ്റ്റന്‍ ശാഖിബുല്‍ ഹസനും (57 പന്തില്‍ 53) മുന്‍ ക്യാപ്റ്റന്‍ മുശ്ഫിഖുറഹീമുമൊഴികെ (87 പന്തില്‍ 64) എല്ലാവരും പരാജയപ്പെട്ടു. നസീം ഷാ ആദ്യ പന്തില്‍ തന്നെ ഓപണര്‍ മെഹ്ദി ഹസന്‍ മിറാസിനെ (0) പുറത്താക്കിയിരുന്നു. പത്തോവര്‍ പിന്നിടും മുമ്പെ അവര്‍ നാലിന് 47 ലേക്ക് തകര്‍ന്നു. എന്നാല്‍ ശാഖിബും മുശ്ഫിഖും ടീമിനെ ചുമലിലേറ്റി. ഇരുപതോവറില്‍ അവര്‍ 100 റണ്‍സ് ചേര്‍ത്തു. 
ശാഖിബിനെ പുറത്താക്കി ഫഹീം അശ്‌റഫാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. അതോടെ ബംഗ്ലാദേശ് വീണ്ടും തകര്‍ന്നു. മൂന്ന് റണ്‍സിന് അവസാന നാലു വിക്കറ്റുകള്‍ നിലംപൊത്തി. 

Latest News