ന്യൂയോര്‍ക്ക് - പത്തൊമ്പതുകാരി കോക്കൊ ഗഫ് ആദ്യമായി യു.എസ് ഓപണ്‍ ടെന്നിസിന്റെ സെമി ഫൈനലിലെത്തി. ടോപ് സീഡ് ഈഗ ഷ്വിയോന്ടെക്കിനെ ഞെട്ടിച്ച യെലേന ഓസ്റ്റാപെങ്കോയെയാണ് 6-0, 6-2 ന് അമേരിക്കക്കാരി പറത്തിയത്. സൊറാന സിര്‍സ്റ്റിയയെ തോല്പിച്ച പത്താം സീഡ് കരൊലൈന മുചോവയുമായി ഗഫ് സെമിഫൈനലില്‍ ഏറ്റുമുട്ടും. 2001 ല്‍ സെറീന വില്യംസാണ് അവസാനമായി യു.എസ് ഓപണില്‍ സെമിയിലെത്തിയ അമേരിക്കന്‍ ടീനേജര്‍. വിംബിള്‍ഡണില്‍ ഗഫ് ആദ്യ റൗണ്ടില്‍ പുറത്തായിരുന്നു.
നോവക് ജോകോവിച് റെക്കോര്‍ഡായ പതിമൂന്നാം തവണ യു.എസ് ഓപണിന്റെ സെമിയിലെത്തി. ഒമ്പതാം നമ്പര്‍ ടയ്ലര്‍ ഫ്രിറ്റ്സിനെയാണ് 6-1, 6-4, 6-4 ന് തോല്പിച്ചത്. പത്താം സീഡ് ഫ്രാന്‍സിസ് തിയാഫൂവിനെ അട്ടിമറിച്ച സീഡില്ലാ താരം ബെന്‍ ഷെല്റ്റനാണ് സെമിയില്‍ കാത്തുനില്‍ക്കുന്നത്.